ന്യൂഡൽഹി: കർഷകസമരം ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രശ്നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായി പ്രതിഷേധങ്ങൾക്കായി ഒത്തു കൂടാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന പറഞ്ഞു.
കർഷക സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അതിനിടെ സമരം ശക്തമായി മുന്നോട്ടു പോവുകയാണ്. ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ ദേശീയ-സംസ്ഥാന പാതകൾമാത്രം ഉപരോധിക്കുക, ആംബുലൻസുകൾ, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങൾ, സ്കൂൾ ബസുകൾ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സർക്കാർ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാർക്കുള്ള നിർദേശങ്ങൾ. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറൺമുഴക്കി സമരം സമാപിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates