ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് തിങ്കളാഴ്ചയാണ്. എന്തുകൊണ്ടാണ് പ്രതിഷ്ഠാ ചടങ്ങിന് ജനുവരി 22 തെരഞ്ഞെടുത്തത് എന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ അടക്കം നിറയുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ആണോ കാര്യം?, ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതിഷ്ഠാ കര്‍മ്മം നടത്താന്‍ എന്തിനാണ് ഇത്ര ധൃതി? എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാനന്‍ ആയി?, വേദ പണ്ഡിതന്മാര്‍ അല്ലേ മുഖ്യ യജമാനന്‍ ആവേണ്ടത്? . ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കി കാശിയിലെ മുഖ്യ പുരോഹിതരാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതിന് അനുയോജ്യമായ ദിനം ജനുവരി 22 ആണെന്ന് കുറിച്ച് നല്‍കിയതെന്ന് അധികൃതര്‍ അവകാശപ്പെട്ടതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തുകൊണ്ട് ജനുവരി 22?
ഗ്രന്ഥങ്ങളിലും ജ്യോതിഷത്തിലും പ്രാവീണ്യമുള്ള കാശിയിലെ മുഖ്യ പുരോഹിതന്മാരാണ് ഉചിതമായ തീയതിയും സമയവും തീരുമാനിച്ചതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. മൃഗശിര നക്ഷത്രം വരുന്ന ദിവസമാണ് ജനുവരി 22. ഒരു വിശേഷമായ ചടങ്ങ് നടത്തുന്നതിന് എല്ലാവരും മുഹൂര്‍ത്തം നോക്കാറുണ്ട്. അന്ന് അഭിജിത്ത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഏറ്റവും ശുഭകരമായ സമയമാണ് പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി പുരോഹിതര്‍ കണക്കാക്കിയത്. പകലിന്റെ മധ്യമാണ് ദിനമധ്യം. ഈ ദിനമധ്യത്തില്‍ നിന്ന് ഒരു നാഴിക കുറച്ചാല്‍ അഭിജിത്ത് മുഹൂര്‍ത്തത്തിന്റെ ആരംഭമാകുമെന്നാണ് വേദ പണ്ഡിതര്‍ പറയുന്നത്.
അഭിജിത്ത് മുഹൂര്‍ത്തം രാവിലെ 11.51 ന് ആരംഭിച്ച് 12.33 വരെ തുടരും. ഇതില്‍ ഏറ്റവും വിശേഷപ്പെട്ട മുഹൂര്‍ത്തം ഉച്ചയ്ക്ക് 12:29: 08 നും 12:30: 32 നും ഇടയിലാണ് - വെറും 84 സെക്കന്‍ഡ്. അപ്പോഴാണ് പ്രാണപ്രതിഷ്ഠ നടത്തേണ്ടത് എന്നാണ് പുരോഹിതര്‍ കുറിച്ചു നല്‍കിയത്. എല്ലാ ദിവസവും ഉച്ചയോടെയാണ് അഭിജിത്ത് മുഹൂര്‍ത്തം.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജ്യോതിഷ പണ്ഡിതനും പുരോഹിതനുമായ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡാണ് തീയതിയും സമയവും തീരുമാനിച്ചത്. സൂര്യനും ചന്ദ്രനും ഉള്ള കാലത്തോളം ഈ മുഹൂര്‍ത്തത്തിലെ പ്രതിഷ്ഠ വഴി ക്ഷേത്രം യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ നിലനില്‍ക്കുമെന്നാണ് ജ്യോതിഷ പ്രകാരം പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി പറയുന്നത്. അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് വിഷ്ണു തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദോഷങ്ങളെ ഇല്ലായ്മ ചെയ്തത്. സൂര്യന്‍ അതിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന അതേ മുഹൂര്‍ത്തത്തിലാണ് രാമന്‍ ജനിച്ചത്.
വ്യാഴത്തിന്റെ സ്ഥാനം കാരണം പ്രതിഷ്ഠാ ചടങ്ങിനായി തെരഞ്ഞെടുത്ത മുഹൂര്‍ത്തം വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉറപ്പാക്കുകയും നല്ല ആശയങ്ങള്‍ കൊണ്ടുവരികയും ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്ഷേത്രത്തിന്റെ ശിലാന്യാസത്തിന്റെ മുഹൂര്‍ത്തം തീരുമാനിക്കുമ്പോള്‍ മുഹൂര്‍ത്ത് ചിന്താമണി, മുഹൂര്‍ത്ത് പാരിജാതം അടക്കമുള്ള ജ്യോതിഷ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു.
പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന തിങ്കളാഴ്ച പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശി (12-ാം ദിവസം) ദിനമാണ്. ഗുരു ബൃഹസ്പതി പൂര്‍ണ്ണ ശക്തിയില്‍ വരുന്ന ദിനം കൂടിയാണ് ജനുവരി 22. വിദ്യയുടെയും ജ്ഞാനത്തിന്റെയും ഗ്രഹമെന്നാണ് ഗുരു അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങുകള്‍:
പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തുന്നതിന് ഒരു യജമാനനെ നിയമിക്കേണ്ടതുണ്ട്. ഭാര്യയ്‌ക്കൊപ്പമാണ് യജമാനന്‍ ചടങ്ങുകള്‍ ആരംഭിക്കേണ്ടത്. ക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്രയും ഭാര്യയും കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റ് 13 ദമ്പതികളും പ്രധാന പരിപാടിക്ക് മുന്നോടിയായി ആ ചുമതല നിര്‍വഹിച്ചു. ജനുവരി 22ന് പ്രധാനമന്ത്രിയാണ് പ്രധാന യജ്ഞം നിര്‍വഹിക്കുന്നത്.
വിഗ്രഹത്തില്‍ വിവിധ 'അധിവാസ'ങ്ങള്‍ നടന്നുവരികയാണ്. വിഗ്രഹത്തെ ജലത്തില്‍ മുക്കുന്ന ജലാധിവാസവും ഫലാധിവാസവും പുഷ്പാധിവാസവും ഔഷധാധിവാസവും പ്രതിഷ്ഠയ്ക്ക് മുമ്പുള്ള ആചാരങ്ങളില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് 81 കലശങ്ങളില്‍ നിറച്ച ഔഷധജലം ഉപയോഗിച്ച് ക്ഷേത്രമുറ്റം ശുദ്ധീകരിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ വാസ്തു പൂജയും നടത്തും.
വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും പുണ്യനദികളില്‍ നിന്നും 125 കലശങ്ങളില്‍ നിറച്ച വെള്ളത്തില്‍ പ്രതിഷ്ഠിക്കേണ്ട വിഗ്രഹത്തില്‍ ഒഴിച്ച് ശുദ്ധീകരണ ക്രിയകള്‍ നടത്തും. തുടര്‍ന്ന് വിഗ്രഹത്തില്‍ മഹാപൂജ നടത്തി ശയ്യാധിവാസം ചടങ്ങ് നടത്തും. സമാപന ദിവസം, ദൈവിക ഊര്‍ജ്ജം അല്ലെങ്കില്‍ പ്രാണന്‍ വിഗ്രഹത്തിലേക്ക് പകരും. മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് ചടങ്ങ് നടക്കുക.
തുടര്‍ന്ന് ദേവന് 16 വഴിപാടുകള്‍ നടത്തും. മഹാ ആരതി ആണ് ആദ്യത്തേത്. അപ്പോഴാണ് ആദ്യമായി ദേവനെ ഭക്തര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതിനുശേഷം, പുരോഹിതന്മാര്‍ വിഗ്രഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് വ്യത്യസ്തമായ ദിവ്യശക്തികളുടെ സാന്നിധ്യം സൂചിപ്പിക്കും.
വിഗ്രഹത്തിന്റെ കണ്ണു തുറക്കലാണ് അവസാന ചടങ്ങ്. പ്രതിഷ്ഠാ കര്‍മ്മത്തിലെ നിര്‍ണായക ചടങ്ങാണിത്. ഈ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് വിഗ്രഹ പ്രതിഷ്ഠ പൂര്‍ണമായതായി കണക്കാക്കുന്നു.
നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് എന്തുകൊണ്ട് പ്രതിഷ്ഠാ കര്‍മ്മം?
നിര്‍മാണം പൂര്‍ത്തീകരിച്ചാലേ വാസ്തു പ്രവേശനം സാധ്യമാകൂ എന്ന് അവകാശപ്പെടാനാകില്ലെന്ന് പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡ് പറഞ്ഞു. ഇതിന് വീടാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. 'വാസ്തുപൂജ' നടത്തി ഒന്നാം നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം ആളുകള്‍ അവരുടെ വീട്ടില്‍ സാധാരണയായി താമസിക്കുന്നത്. വീട്ടില്‍ താമസമാക്കിയതിന് ശേഷം ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് പതിവ്. ആരാധനാലയത്തിനും ഇതേ നിയമം ബാധകമാണ്.' - പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ വാക്കുകള്‍.
പൂര്‍ണ്ണമായി നിര്‍മ്മിച്ച ഒരു ക്ഷേത്രത്തില്‍ വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠ നടത്തേണ്ടത് ഒരു സന്യാസിയാണ്. അല്ലാതെ ഒരു ഗൃഹസ്ഥന്‍ അല്ല. മുകളില്‍ കലശം സ്ഥാപിച്ചാണ് ഇത് നടത്തേണ്ടത്. എന്നാല്‍ ഭാഗികമായി നിര്‍മിച്ച ക്ഷേത്രങ്ങളില്‍  മേല്‍ക്കൂരയുടെ നിർമാണം, വാതിലുകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്ക് ശേഷം ചില ആചാരങ്ങളുടെ അകമ്പടിയോടെ 
പ്രാണ പ്രതിഷ്ഠ നടത്താം. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കലശം സ്ഥാപിക്കല്‍ ഉചിതമായ മറ്റൊരു മുഹൂര്‍ത്തത്തില്‍ നടത്താവുന്നതാണ്. ക്ഷേത്രം പൂര്‍ണമായി നിര്‍മിച്ചിരുന്നെങ്കില്‍ മോദിക്ക് യജമാനനാകാന്‍ അവസരം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം മേല്‍ക്കൂരയും വാതിലുകളും കൊണ്ട് പൂര്‍ണ്ണമായതിനാല്‍, വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠ നിര്‍ദ്ദിഷ്ട ആചാരങ്ങളോടെ നടത്തുന്നതില്‍ തെറ്റൊന്നുമില്ല. എല്ലാ ക്ഷേത്രനിര്‍മ്മാണങ്ങളും പൂര്‍ത്തിയായതിന് ശേഷം മാത്രമേ പ്രാണ പ്രതിഷ്ഠ നടത്താവൂ എന്ന് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. എന്നാല്‍ ഗര്‍ഭഗൃഹം പൂര്‍ത്തിയാക്കണം.
'ആദിശങ്കരന്‍ തന്നെയാണ് ബദരിനാരായണന് പ്രാണപ്രതിഷ്ഠ നടത്തിയത്. പിന്നീടാണ് ക്ഷേത്രം വന്നത്. ശ്രീരാമന്‍ തന്നെയാണ് രാമേശ്വരത്ത് ശിവന്റെ പ്രാണപ്രതിഷ്ഠ നടത്തിയത്. അവിടെ ക്ഷേത്രം ഇല്ലായിരുന്നു. പ്രാണ പ്രതിഷ്ഠ നടത്താന്‍ ക്ഷേത്രം മുഴുവനും പണിയണമെന്ന് പറയുന്നത് അത്ര ശരിയല്ല' - ആത്മീയാചാര്യന്‍ ശ്രീ എം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates