ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് വനിതാ ബില്‍ അല്ലെന്നും, വനിതകളെ ശാക്തീകരിക്കുന്നതായി ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് അട്ടിമറിക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണിതെന്നും രാഹുല്‍ ആരോപിച്ചു. വനിത സംവരണ ഭേദഗതി ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'ഈ ബില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണെന്നും, രാഷ്ട്രീയ ലക്ഷ്യത്തിനായി സ്ത്രീകളെ മറയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇത് രാജ്യദ്രോഹമാണെന്നും പ്രതിപക്ഷം ഒറ്റെക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ അവതരിപ്പിച്ചതാണ് യഥാര്‍ഥ വനിതാ ബില്‍. ഒബിസി- ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കനാണ് മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജുഡീഷ്യറി അടക്കം ഒരിടത്തും പിന്നാക്ക സാന്നിധ്യമില്ല. പിന്നാക്ക വിഭാഗത്തെ മറികടന്ന് അധികാരം പിടിക്കാന്‍ നീക്കം. ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
ബില്ലിന്മേൽ ഇന്നു വൈകുന്നേരം നാലിന് വോട്ടെടുപ്പ് നടക്കുന്നതിനാൽ മുഴുവൻ എംപിമാരും എത്തിയിട്ടുണ്ടെന്നാണ് വിവരം. ഭരണഘടനാ ഭേദഗതി ആയതിനാൽ മൂന്നിൽ 2 ഭൂരിപക്ഷം വേണമെന്നതാണു സർക്കാരിനു മുന്നിലെ വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തുനിന്നു കാര്യമായ പിന്തുണ ലഭിക്കാൻ ഇടയില്ല.
അതേസമയം, മണ്ഡല പുനർനിർണയം നടത്തുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണം 50% വീതം വർധിക്കുമെന്നും പ്രാതിനിധ്യം കുറയില്ലെന്നും ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തുനിന്ന് ആരെങ്കിലും പിന്തുണയ്ക്കുമോ എന്നും സർക്കാർ നോക്കുന്നുണ്ട്. രാജ്യസഭയിൽ മാത്രം അംഗങ്ങളുള്ള ബിജെഡി ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിൽ പാസാകാതെ വന്നാൽ അത് പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ പന്ത്രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച രാത്രി 1.20നാണ് അവസാനിച്ചത്. രാജ്യസഭയിൽ ബില്ലുകൾ ഇന്ന് അവതരിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates