ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ടിവികെ അധ്യക്ഷന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുക.
സി ജോസഫ് വിജയ് എന്ന പേരിലാണ് വിജയ് ജനവിധി തേടുക. തമിഴ്‌നാട്ടില്‍ ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കാണ് ടിവികെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ ആണ് കരൂരില്‍ ജനവിധി തേടുന്നത്. കരൂര്‍ ദുരന്തത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവാണ് അദ്ദേഹം.
വില്ലിവാക്കം - ആധവ് അര്‍ജുന, ഗോപിചെട്ടിപാളയം - കെ എ സെങ്കോട്ടയ്യന്‍, തിരുച്ചെങ്കോട് - അരുണ്‍രാജ്, തിരുപ്പറംകുണ്ഡ്രം - സിടിആര്‍ നിര്‍മല്‍കുമാര്‍, ടി നഗര്‍- ബുസി ആനന്ദ് എന്നിവരാണ് മത്സരിക്കുന്ന മറ്റു പ്രമുഖര്‍. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം. മത്സരം ടിവികെയും ഡിഎംകെയും തമ്മില്‍ മാത്രമാണെന്നും വിജയ് പ്രഖ്യാപിച്ചു.
ടിവികെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് തനിക്ക് ചെയ്യും പോലെയാണെന്നും തന്നെ പോലെ കണ്ട് എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യര്‍ത്ഥിച്ചു. തനിക്കെതിരായ അനീതികള്‍ക്ക് മറുപടി നല്‍കണം. തമിഴ്‌നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു. ലഹരി ഇല്ലാത്ത തമിഴ്‌നാട്, ഉന്നത വിദ്യാഭ്യാസത്തിനു 20 ലക്ഷം രൂപ എന്നിങ്ങനെയെല്ലാമാണ് വിജയ്‌യുടെ ഗ്യാരണ്ടികള്‍. വിസിലിന് വോട്ട് ചെയ്യുക എന്നാണ് തന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.
വടക്കന്‍ ചെന്നൈയിലെ ഡിഎംകെ കോട്ടയാണ് പെരമ്പൂര്‍. 2021ല്‍ ഈ മണ്ഡലത്തില്‍ ഡിഎംകെയുടെ ഭൂരിപക്ഷം 54,976 ആണ്. സിറ്റിംഗ് എംഎല്‍എ ആര്‍ ഡി ശേഖര്‍ ആണ് ഇവിടെ ഡിഎംകെ സ്ഥാനാര്‍ത്ഥി. 1967ന് ശേഷം പെരമ്പൂരില്‍ എഐഎഡിഎംകെ ജയിച്ചത് രണ്ട് തവണ മാത്രമാണ്. 2011ല്‍ നിലവില്‍ വന്ന മണ്ഡലമാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. 2011ലും 2016ലും എഐഎഡിഎംകെ ജയിച്ചു. 2021ല്‍ ഡിഎംകെയ്ക്ക് 53,797 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates