ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഇന്ത്യ - യുഎസ് വ്യാപാരക്കരാറിന് എതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഉച്ചകോടി വേദിയ്ക്ക് സമീപം ഷര്‍ട്ടൂരി പ്രതിഷേധിച്ചത്. വ്യാപാര കരാറിന് എതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ടി ഷര്‍ട്ടുകള്‍ ഊരി വിശീയായിരുന്നു പ്രതിഷേധം. പ്രതിഷേധം സംഘടിപ്പിച്ചവരില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ദേശീയ കോര്‍ഡിനേറ്റര്‍ നരസിംഹ യാദവ്, ബീഹാര്‍, ഉത്തര്‍പ്രദേശ് യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികളായ കുന്ദന്‍ യാദവ്, അജയ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.
അഞ്ച് ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയുടെ സുരക്ഷാ പരിശോധനകള്‍ മറികടന്നാണ് പ്രതിഷേധക്കാര്‍ അകത്ത് കയറിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത് പരിശോധനകള്‍ക്ക് വിധേയമായാണ് ഇവര്‍ വേദിയിലേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഭാരത് മണ്ഡപത്തിലെ അഞ്ചാം നമ്പര്‍ ഹാളില്‍ പ്രവേശിച്ച പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങള്‍ അച്ചടിച്ച വെളുത്ത ടീ-ഷര്‍ട്ടുകള്‍ ആണ് പ്രതിഷേധക്കാര്‍ ധരിച്ചിരുന്നത്. 'ഇന്ത്യ യുഎസ് ട്രേഡ് ഡീല്‍', 'എപ്സ്റ്റീന്‍ ഫയല്‍സ്', 'പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു' തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ വഹിച്ചു. പ്രതിഷേധക്കാരെ പിടികൂടിയ പൊലീസ് തിലക് മാര്‍ഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതിഷേധത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി ഇന്ത്യയുടെ യശ്ശസിന് കളങ്കമാണെന്നും ബിജെപി ആരോപിച്ചു. ഇന്ത്യയുടെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസിനുള്ള അസന്തുഷ്ടിയാണ് പ്രതിഷേധത്തിന് പിന്നിലെന്നും ബിജെപി ആരോപിച്ചു.
അതിനിടെ, എഐ സമ്മിറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പി ആര്‍ മാമാങ്കം എന്ന നിലയിലാണ് പരിപാടിയെ രാഹുല്‍ വിശേഷിപ്പിച്ചത്. എഐ സമ്മിറ്റില്‍ ഇന്ത്യയുടെ കുതിപ്പ് പ്രകടിപ്പിക്കാന്‍ സംഘാടകര്‍ക്കായില്ല. വിദേശ റോബോട്ടുകളെ ആഭ്യന്തര കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കുന്നതിലൂടെ രാജ്യം ലോകത്തിന് മുന്നില്‍ നാണംകെട്ടെന്നും അദ്ദേഹം ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates