

ന്യൂഡൽഹി: തന്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്. രാഹുൽ ഗാന്ധിയുടെ കൈകളിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ച് സമരം അവസാനിപ്പിക്കാനായിരുന്നു താനും ഭാര്യ ഗീതാഞ്ജലി ആങ്മോയും ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് നല്ലൊരു പ്രതികരണം ഉണ്ടായില്ലെന്നും വാങ്ചുക് തുറന്നടിച്ചു.രാഹുൽ ഗാന്ധിക്കെതിരെ പിന്നീട് വിമർശനം ഉന്നയിച്ച ഭാര്യ ഗീതാഞ്ജലിയെ പിന്തുണച്ചുകൊണ്ടാണ് വാങ്ചുക് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
"എന്റെ സമരം രാഹുൽ ഗാന്ധിയെക്കൊണ്ട് അവസാനിപ്പിക്കാനാണ് ഗീതാഞ്ജലി ആത്മാർത്ഥമായി ശ്രമിച്ചത്. അവർ രാഹുലിന് എതിരായിരുന്നില്ല. എന്നാൽ പ്രതികരണം നിരാശാജനകമായിരുന്നു. തുടർന്നാണ് അവർ പരസ്യമായി രംഗത്തുവന്നത്," വാങ്ചുക് പറഞ്ഞു.
തന്റെ സമരം അവസാനിപ്പിക്കുന്ന നിമിഷത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും വിദ്യാർത്ഥി പ്രതിനിധികളും ഒരുമിച്ചുണ്ടാകണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് വാങ്ചുക് വ്യക്തമാക്കി. എന്നാൽ ജന്തർമന്തറിൽ നടന്ന സമരത്തിൽ പ്രതിപക്ഷ നേതാക്കൾ വളരെ വൈകിയാണ് എത്തിയത്. അർദ്ധരാത്രിയോടെ കേന്ദ്രമന്ത്രിമാർ എത്തിയപ്പോൾ, താൻ സമരം അവസാനിപ്പിക്കുന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ എല്ലാ പാർട്ടി നേതാക്കളുമായുള്ള ചിത്രങ്ങൾ പുറത്തുവിടാവൂ എന്ന് താൻ നിർദ്ദേശിച്ചിരുന്നു. ഇന്റലിജൻസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രകടനം നടത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതോടെയാണ് ഗീതാഞ്ജലിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ശക്തമായത്. ബിജെപിക്കും ഹിന്ദുത്വ ഗ്രൂപ്പുകൾക്കും എതിരെ തങ്ങൾ നാലോ അഞ്ചോ തവണ ഭാഷയിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ബിജെപി പ്രൊഫൈലുകൾ പ്രതികരിച്ചില്ല. അതേസമയം കോൺഗ്രസ് വ്യവസ്ഥിതി തന്നെയും ഭാര്യയെയും ക്രൂരമായി ട്രോളാൻ തുടങ്ങി. കോൺഗ്രസ് നേതൃത്വത്തിന്റെ സങ്കുചിതമായ സമീപനത്തിൽ വലിയ നിരാശയുണ്ടെന്ന് വാങ്ചുക് വ്യക്തമാക്കി. ഒരു ജനകീയ സമരത്തോട് കൂടുതൽ വിശാലമായ കാഴ്ചപ്പാടോടെ പ്രതിപക്ഷം നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates