റായ്പൂർ: പിഎസ്സി പ്രസിദ്ധീകരിച്ച ഉദ്യോഗാർത്ഥികളുടെ മെറിറ്റ് ലിസ്റ്റിൽ അമ്പരപ്പിക്കുന്ന പേരുകൾ പ്രത്യക്ഷപ്പെട്ടതിനെ ചൊല്ലി ചത്തീസ്ഗഡിൽ രാഷ്ട്രീയ പോര് കനക്കുന്നു. പരീക്ഷാ ഫലത്തിലെ പ്രാഥമിക റാങ്ക് പട്ടികയിൽ 'ന്യൂസ്', 'സ്പേസ് റാണി'തുടങ്ങിയ വിചിത്രമായ പേരുകൾ ഉൾപ്പെട്ടതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സംഭവത്തിന് പിന്നിൽ വൻ ക്രമക്കേടും ആൾമാറാട്ടവും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയതോടെ, സാങ്കേതിക പിഴവാണ് ഇതിനു പിന്നിലെന്ന വിശദീകരണവുമായി ചത്തീസ്ഗഡ് പബ്ലിക് സർവീസ് കമ്മീഷൻ രംഗതെത്തി.
കമ്മീഷൻ അടുത്തിടെ നടപ്പാക്കിയ സുതാര്യത നയത്തിന്റെ ഭാഗമായി പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും റോൾ നമ്പറും മാർക്കും പേരുകളും ഉൾപ്പെടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് പേരുകളിലെ കളി ദൃശ്യമായത്. അക്ഷരത്തെറ്റുകൾക്ക് അപ്പുറം 'ന്യൂസ്', 'സ്പേസ് റാണി' തുടങ്ങിയ അർത്ഥമില്ലാത്ത വാക്കുകൾ പേരുകളുടെ സ്ഥാനത്ത് പ്രത്യക്ഷപ്പെടത് വിമർശനങ്ങൾക്ക് വഴിതുറന്നു. പിഎസ്സി പരീക്ഷകളുടെ സുതാര്യത തന്നെ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണെന്നും അർഹരായ ഉദ്യോഗാർത്ഥികളുടെ ഭാവി വച്ചാണ് കമ്മീഷൻ കളിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
രാഷ്ട്രീയ വിവാദം കൊടുമ്പിരിക്കൊണ്ടതോടെ വിശദീകരണവുമായി ചത്തീസ്ഗഡ് പബ്ലിക് സർവീസ് കമ്മീഷൻ രംഗത്തെത്തി. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ചില ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ കൃത്യമായി നൽകുന്നതിന് പകരം പരീക്ഷണാടിസ്ഥാനത്തിൽ 'ഡമ്മി' നൽകിയതാണ് പ്രശ്നത്തിന് കാരണമായതെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ പേരിന്റെ സ്ഥാനത്ത് സ്വന്തം പേരിന് പകരം എന്താണോ ടൈപ്പ് ചെയ്തത്, അതാണ് സിസ്റ്റം സ്വീകരിച്ചത്. ഇത്തരം പേരുകളിലുള്ള അപേക്ഷകർ പരീക്ഷയെഴുതുകയോ യോഗ്യത നേടുകയോ ചെയ്തിട്ടില്ല. പരീക്ഷയിൽ മാർക്ക് പൂജ്യമാണെങ്കിലും സിസ്റ്റത്തിൽ വരുന്ന മുഴുവൻ എൻട്രികളും സുതാര്യതയ്ക്കായി മെറിറ്റ് ലിസ്റ്റിൽ കാണിച്ചപ്പോഴാണ് ഈ പിഴവ് പുറത്തുവന്നത്. ഭാവിയിൽ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുമ്പോൾ ആധാർ അടക്കമുള്ള കൃത്യമായ രേഖകൾ ഉപയോഗിച്ച് അപേക്ഷകരെ ആധികാരികത ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates