ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ മേഖലയിൽ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലുള്ള സംഘർഷ മേഖലകളായ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്നാണ് സൈനികർ പിൻവാങ്ങിയത്. പട്രോളിങ് പുനഃരാരംഭിക്കാനും വഴിയൊരുങ്ങി.
ദീപാവലി ദിനമായ ഇന്ന് ഇരു പക്ഷത്തേയും സൈനികർ മധുര പലഹാരങ്ങൾ കൈമാറുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ- ചൈന ബന്ധം പുതിയ വികസന അവസരങ്ങൾക്കു മുന്നിലാണെന്നു ചൈനീസ് അംബാസഡർ എക്സിൽ കുറിച്ചു.
സൈനിക പിൻമാറ്റം പുരോഗമിക്കുകയാണെന്നും പട്രോളിങ് രീതികൾ കമാൻഡർമാർ തീരുമാനിക്കുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ആളില്ലാ വിമാനം ഉപയോഗിച്ചും നേരിട്ടും പരിശോധന നടത്തും.
താത്കാലിക നിർമിതികൾ നീക്കം ചെയ്യുന്നതും പിൻമാറ്റത്തിന്റെ ഭാഗമാണ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള- പിൻമാറ്റം, സംഘർഷാവസ്ഥ കുറയ്ക്കൽ, സൈനികരെ പിൻവലിക്കൽ എന്നീ മൂന്ന് ഘട്ട പ്രക്രിയയുടെ ആദ്യ പടിയാണിത്.
കഴിഞ്ഞ ദിവസം റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടതു ഇരു രാജ്യങ്ങളുടേയും ആവശ്യമാണെന്നു ഷി ജിൻപിങ് വ്യക്തമാക്കിയിരുന്നു.
2020 മെയ് മാസത്തിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് കടന്നു കയറ്റങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സൈനിക വിന്യാസവും സംഘർവും ഉടലെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates