നരേന്ദ്രമോദിയും ഡോണൾഡ് ട്രംപും  ഫയൽ
India

വെടിനിര്‍ത്തലിന് അമേരിക്ക മോദിയെ ബ്ലാക്ക് മെയില്‍ ചെയ്തു; ആരോപണവുമായി ജയ്‌റാം രമേശ്

പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ട്രംപിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും ഭീഷണിപ്പെടുത്തിയോ ബ്ലാക്ക്‌മെയില്‍ ചെയ്‌തോ ആകാം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് നമ്മള്‍ അറിഞ്ഞു. ഇന്നലെ സൗദി അറേബ്യയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍, ഉപരോധങ്ങളുടെയും വ്യാപാര കരാറുകളുടെയും ശിക്ഷയും സമ്മാനവും കാണിച്ച് നിര്‍ബന്ധിച്ചോ ബ്ലാക്ക് മെയില്‍ ചെയ്‌തോ ആകാം ഇന്ത്യയെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. ജയ്‌റാം രമേശ് എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

'സാധാരണയായി വാചാലനായ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ട്രംപിന്റെ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? യുഎസ് സമ്മര്‍ദ്ദത്തിന് മുന്നില്‍ അവര്‍ ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പണയപ്പെടുത്തിയോ?' ജയ്‌റാം ശങ്കര്‍ ചോദിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ 'വ്യാപാരക്കരാര്‍' ഉപയോഗിച്ചുവെന്ന് ട്രംപ് പറഞ്ഞത് സൂചിപ്പിച്ചാണ് ജയ്‌റാം രമേശിന്റെ പ്രതികരണം.

'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം തടയാന്‍ യുഎസ് ഭരണകൂടം ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറില്‍ ഇടപെട്ടു. ഇതിനായി വ്യാപാരത്തെ ഉപയോഗിച്ചു. 'നമുക്ക് ഒരു കരാറിലെത്താം' എന്ന് ഞാന്‍ പറഞ്ഞു. ആണവ മിസൈലുകള്‍ വ്യാപാരം ചെയ്യരുത്. പകരം നിങ്ങള്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ നമുക്ക് വ്യാപാരം ചെയ്യാം. രണ്ട് രാജ്യങ്ങള്‍ക്കും ശക്തരും മിടുക്കരുമായ നേതാക്കളുണ്ട്. തന്റെ നിര്‍ദേശത്തോടെ സംഘര്‍ഷം അവസാനിച്ചു. അത് അങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,' സൗദി-യുഎസ് നിക്ഷേപ ഫോറം 2025-ല്‍ നടന്ന സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്കുള്ള മധ്യസ്ഥതയെക്കുറിച്ച് യുഎസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. സൈനിക നടപടി നിര്‍ത്താന്‍ ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്തിയെന്ന പ്രഖ്യാപനം ആദ്യം നടത്തിയത് ട്രംപാണ്. ഇത് നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. ഇതിന് പ്രധാനമന്ത്രി വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

അതേസമയം, വിഷയത്തില്‍ പരസ്യപ്രതികരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തയ്യാറായില്ല. ഈ വിഷയം വളരെ കോണ്‍ഫിഡന്‍ഷ്യലാണ്. ഇക്കാര്യങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. മാധ്യമങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT