ബംഗളൂരു: വഴിതെറ്റിയ രണ്ട് വയസുകാരി ഒരു രാത്രി മുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമത്തിൽ കൊങ്കണയ്ക്കു സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. തോട്ടം തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതികളുടെ മകൾ സുനന്യയെയാണ് കാണാതായത്.
കുട്ടിയെ കാണാതാകുന്നതിനും അഞ്ച് ദിവസം മുൻപാണ് ദമ്പതികൾ കാപ്പിത്തോട്ടത്തിൽ ജോലിക്കായി എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ ജോലിക്കു പോകുമ്പോൾ മകളേയും ഒപ്പം കൂട്ടി. തോട്ടത്തിലെ മറ്റു തൊഴിലാളികളുടെ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ട് വയസുകാരി വിജനമായ തോട്ടത്തിനകത്ത് അകപ്പെടുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ശനിയാഴ്ച രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്തിയില്ല. അതിനിടെ തോട്ടത്തിനുള്ള വനം ജീവനക്കാർ കടുവ കാട്ടുപന്നിയെ വേട്ടയാടി ജഡം ഉപേക്ഷിച്ചതു കണ്ടെത്തി. കടുവയുടെ കാൽപ്പാടുകളും കണ്ടതോടെ പരിഭ്രാന്തി പരന്നു. ഞായറാഴ്ച പുലർച്ചെ മുതൽ വീണ്ടും കുട്ടിക്കായി തിരച്ചിൽ തുടർന്നു.
അതിനിടെ തോട്ടത്തിലെ ഒരു മരത്തിനടിയിൽ കുട്ടി ഭയന്ന് ഇരിക്കുന്നത് കണ്ടെത്തി. കാണാതായി 14 മണിക്കൂർ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയോടെയാണ് കുട്ടിയെ മാതാപിതാക്കളുടെ അരികിലെത്തിച്ചു.
ഗോണികുപ്പ ഫോറസ്റ്റ് എസ്ഐ പ്രദീപ് കുമാർ, ഡിആർഎഫ്ഒ ജെകെ ശ്രീധർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കുട്ടി തോട്ടത്തിനകത്ത് ഉറങ്ങിപ്പോയതായിരിക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി പരിക്കില്ലെന്നു ഉറപ്പാക്കിയാണ് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates