Ashwini Vaishnaw Cabinet Decisions 
India

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്

എയർ ഇന്ത്യയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കൽ; 60.72 ശതമാനം ഓഹരികൾ ഫെയർഫാക്സിന്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കലിന് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. ഐഡിബിഐ ബാങ്കിലെ 60.72 ശതമാനം ഓഹരികൾ 52,877 കോടി രൂപയ്ക്ക് കനേഡിയൻ നിക്ഷേപ സ്ഥാപനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് വിൽക്കാനുള്ള പുനഃസംഘടനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനൊപ്പം റെയിൽവേ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി 78 ദിവസത്തെ ബോണസ് പ്രഖ്യാപിക്കാനും ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ വലിയ ഇളവ് വരുത്താനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലെ നിർണായക തീരുമാനങ്ങൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.

ഐഡിബിഐ ബാങ്കിന്റെ തന്ത്രപരമായ ഓഹരി വിൽപനയ്ക്ക് പുറമെ, ഏകദേശം 11,40,770 റെയിൽവേ ജീവനക്കാർക്ക് ആശ്വാസമാകുന്ന പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ് (പിഎൽബി) നൽകാനും മന്ത്രിസഭ അനുമതി നൽകി. രാപ്പകലില്ലാതെ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർക്കുള്ള ദീപാവലി സമ്മാനമായി 78 ദിവസത്തെ ബോണസാണ് അനുവദിച്ചത്. ഉത്സവവേളകളിൽ കുടുംബങ്ങളോടൊപ്പം ചെലവഴിക്കാൻ കഴിയാതെ ട്രാക്കുകളിലും ലോക്കോമോട്ടീവുകളിലും വർക്ക്‌ഷോപ്പുകളിലുമായി കർമ്മനിരതരാകുന്ന ജീവനക്കാരുടെ കഠിനാധ്വാനം പരിഗണിച്ചാണ് ഈ നടപടി. ബോണസ് ഇനത്തിൽ ആകെ 2,009 കോടി രൂപയാണ് റെയിൽവേ വിതരണം ചെയ്യുക.

പുനഃസംഘടന പ്രകാരം കേന്ദ്ര സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി ഐഡിബിഐ ബാങ്കിലെ 34 ശതമാനം ഓഹരികൾ കൈവശം വെക്കുന്നത് തുടരും. പുനഃസംഘടിപ്പിച്ച പുതിയ സംവിധാനത്തിൽ ഈ ഓഹരി നിലനിർത്തുന്നതിലൂടെ സർക്കാരിന്റെയും എൽഐസിയുടെയും ഓഹരി മൂല്യത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഐഡിബിഐ ബാങ്കിലും രാജ്യത്തെ ധനകാര്യ സേവന മേഖലയിലും പുതിയ മൂലധനം സമാഹരിക്കാൻ സഹായിക്കും. കൂടാതെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ , ചെറുകിട വ്യവസായങ്ങൾ, പുതിയ സംരംഭകർ, സർവീസ് മേഖലയിലേക്ക് കടന്നുവരുന്നവർ, ബിസിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് വലിയ വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇന്ത്യയുടെ ധനകാര്യ സേവന മേഖലയിലേക്ക് കൂടുതൽ വിദേശ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനും ഈ പുനഃസംഘടന വലിയ വഴിയൊരുക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

രാജ്യത്തെ സാമൂഹിക സുരക്ഷാ പദ്ധതി കൂടുതൽ വിപുലീകരിച്ച് 2031 വരെ നീട്ടാനും കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തു. ഇതിനായി 53,428 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം ഭിന്നശേഷി പെൻഷൻ ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ വരുത്തിയ കാതലായ മാറ്റമാണ്. മുൻപ് ഭിന്നശേഷി പെൻഷൻ ലഭിക്കുന്നതിന് 80 ശതമാനം വൈകല്യം വേണമെന്ന നിബന്ധന പകുതിയായി കുറച്ച് 40 ശതമാനമാക്കി. ഇതോടെ 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും ഇനി മുതൽ സർക്കാർ പെൻഷന് അർഹതയുണ്ടാകും.

In one of the biggest strategic disinvestment moves since Air India, the Union Cabinet has approved the sale of a 60.72% stake in IDBI Bank to Fairfax Financial Holdings for Rs 52,877 crore, while also clearing a 78-day bonus for over 11.4 lakh railway staff and halving the disability pension eligibility threshold to 40%.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്