ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരില്‍ ചിലരെ ഒഴിവാക്കിയേക്കുമെന്നും, ചിലര്‍ക്ക് വകുപ്പുമാറ്റം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ധനവകുപ്പിൽ നിന്നും നിര്‍മല സീതാരാമന്‍ മാറിയേക്കും. നീറ്റ് വിവാദത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ ഒഴിവാക്കിയേക്കും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ ശക്തികാന്ത ദാസ് കേന്ദ്രമന്ത്രിസഭയില്‍ ഇടംനേടുമെന്നാണ് അഭ്യൂഹം. ശക്തികാന്ത ദാസിന് ധനവകുപ്പ് നല്‍കിയാല്‍, നിര്‍മല സീതാരാമന്‍ മാനവവിഭവശേഷി വകുപ്പിലേക്ക് മാറിയേക്കും. ശിവസേന, തൃണമൂല്‍ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തു നിന്നും എംപിമാരെ അടര്‍ത്തിമാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശ്രീകാന്ത് ഷിന്‍ഡേയെ കേന്ദ്രമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ രാഘവ് ഛദ്ദ, അശോക് മിത്തല്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ഛുഗ്, മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ എന്നിവരും കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജോര്‍ജ് കുര്യന്‍ രാജിവെച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ആരെങ്കിലും മന്ത്രിസഭയില്‍ ഇടംനേടുമോയെന്നതില്‍ ആകാംക്ഷ തുടരുകയാണ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അമിത് ഷാ രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിസഭാ പുനഃസംഘടനയും ചര്‍ച്ചയായതായാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates