ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നാളെ നടന്നേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിയതായാണ് സൂചന. 20 ഓളം പുതിയ മന്ത്രിമാര്‍ പുനഃസംഘടനയില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മന്ത്രിമാരെ മാറ്റിയേക്കുമെന്നും, വകുപ്പുകളില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നുമാണ് വിവരം.
മധ്യപ്രദേശില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി തുടങ്ങിയവര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡ്, എല്‍ജെപി, അപ്‌നാദള്‍ എന്നിവയ്ക്കും മന്ത്രിസഭയില്‍ ഇടം ലഭിക്കും.
എല്‍ജെപി നേതാവും അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാര്‍ പരസ് മന്ത്രിയാകുമെന്ന് സൂചന നല്‍കി. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പുനഃസംഘടനയില്‍ മികച്ച പ്രാതിനിധ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
പുതിയ മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി ചര്‍ച്ച നടത്തി. ഹിമാചല്‍പ്രദേശ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സിന്ധ്യ, നാരായണ്‍ റാണെ, സോനോവാള്‍ എന്നിവരോട് ഉടന്‍ തന്നെ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായി കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു. ബംഗാളില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളും നേതൃത്വത്തിന്റെ പരിഗണനയില്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates