ന്യൂഡൽഹി: രാജ്യസഭാ കാലാവധി പൂർത്തിയായതിനെത്തുടർന്ന് കേന്ദ്ര സഹമന്ത്രിയും കേരളത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ ജോർജ്ജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം തന്റെ രാജിക്കത്ത് സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശയോടെ ജോർജ്ജ് കുര്യന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തര പ്രാബല്യത്തോടെ അംഗീകരിച്ചതായി രാഷ്ട്രപതി ഭവൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭരണഘടനയുടെ 75-ാം അനുച്ഛേദം രണ്ടാം വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി രാജി സ്വീകരിച്ചത്. കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമം, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു 65-കാരനായ ജോർജ്ജ് കുര്യൻ.
ജ്യോതിരാദിത്യ സിന്ധ്യയുടെ പകരക്കാരൻ; വീണ്ടും അവസരം നൽകാതെ ബിജെപി
കഴിഞ്ഞ ജൂൺ 21-നാണ് ജോർജ്ജ് കുര്യന്റെ രാജ്യസഭാ കാലാവധി അവസാനിച്ചത്. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാജി.2024 ജൂണിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റ് ഒഴിഞ്ഞത്. തുടർന്ന് 2024 ഓഗസ്റ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നും എതിരില്ലാതെയാണ് ജോർജ്ജ് കുര്യൻ രാജ്യസഭയിലെ അവശേഷിക്കുന്ന കാലാവധിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രിയായി തുടരുകയാണ്.
മുൻപ് 2022 ജൂലൈയിൽ അന്നത്തെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്ന മുഖ്താർ അബ്ബാസ് നഖ്‌വിയും രാജ്യസഭാ കാലാവധി അവസാനിക്കുന്നതിന് തൊട്ടുതലേദിവസം സമാനമായ രീതിയിൽ കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജി സമർപ്പിച്ചിരുന്നു. ജോർജ്ജ് കുര്യൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ അധിക ചുമതല മറ്റ് മന്ത്രിമാർക്ക് താൽക്കാലികമായി കൈമാറുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates