ന്യൂഡൽഹി: കേരളത്തെ ഇകഴ്ത്തിക്കാട്ടിക്കൊണ്ടുള്ള ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി എസ് പി സിങ് ബാഗേൽ. കേരളത്തിലേത് ജനാധിപത്യ സർക്കാരല്ലെന്നും ഫാസിസ്റ്റുകളാണ് കേരളത്തിലും ബംഗാളിലും ഭരണത്തിലുള്ളതെന്നും ബാഗേൽ വിമർശിച്ചു. ഇരു സംസ്ഥാനങ്ങളിലും നിരവധി ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പരാമർശം.
വോട്ടർമാർക്ക് തെറ്റുപറ്റിയാൽ അഞ്ചുവർഷത്തെ കഠിനാധ്വാനമെല്ലാം പാഴായി യു പി കശ്മീരോ കേരളമോ ബംഗാളോ ആയിമാറുമെന്നാണ് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. സർക്കാരുകളല്ല ഫാസിസ്റ്റുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളതെന്നും മമതാ ബാനർജി ഏറ്റവും വലിയ ഫാസിസ്റ്റാണെന്നും ബാഗേൽ പറഞ്ഞു. കേരളത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നു. ബംഗാളിലും സമാനസ്ഥിതിയാണ്. കേരളത്തിലേയും ബംഗാളിലേയും ജനാധിപത്യ സർക്കാരുകളല്ല, ബാഗേൽ പറഞ്ഞു.
ഉത്തർപ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തിലാണ് യോഗി ആദിത്യനാഥ് കേരളത്തിന്റെ പേര് പരാമർശിച്ച് ആദിത്യനാഥ് രംഗത്തെത്തിയത്. "എന്റെ മനസ്സിൽ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തർ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാൻ അധിക സമയം എടുക്കില്ല", എന്നായിരുന്നു യോഗിയുടെ വാക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates