വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ ഭരണകക്ഷിയായ ബിജെപിയെ അട്ടിമറിച്ച് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്ക് ഉജ്ജ്വല വിജയം. ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന അധ്യാപക-ബിരുദ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിൽ വാരണാസി ടീച്ചേഴ്സ് സീറ്റിൽ സമാജ്‌വാദി പാർട്ടി തങ്ങളുടെ ആധിപത്യം നിലനിർത്തി. ബിജെപി സ്ഥാനാർത്ഥി പ്രമോദ് കുമാർ മിശ്രയെ 4,898 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എസ്പിയുടെ സിറ്റിങ് എംഎൽസി ലാൽ ബിഹാരി യാദവ് സീറ്റ് നിലനിർത്തിയത്.
2020-ൽ സ്വതന്ത്രനായി മത്സരിച്ച പ്രമോദ് മിശ്ര 936 വോട്ടുകൾക്ക് മാത്രമാണ് അന്ന് ലാൽ ബിഹാരി യാദവിനോട് പരാജയപ്പെട്ടിരുന്നത്. എന്നാൽ ഇക്കുറി ബിജെപി ചിഹ്നത്തിൽ സർവ്വ സന്നാഹങ്ങളോടെയും കളത്തിലിറങ്ങിയിട്ടും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. വാരണാസി ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലും ബിജെപിയുടെ കേദാർ നാഥ് സിങ്ങിനെതിരെ എസ്പി സ്ഥാനാർത്ഥി അശുതോഷ് സിൻഹ വ്യക്തമായ ലീഡോടെ നിർണ്ണായക വിജയത്തിലേക്ക് കുതിക്കുകയാണ്. ആഗ്ര ടീച്ചേഴ്സ് മണ്ഡലത്തിലും സമാജ്‌വാദി പാർട്ടി വിജയം ഉറപ്പിച്ചു.
അതേസമയം, വാരണാസിയിൽ തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്താകെ ബിജെപി മുൻതൂക്കം നിലനിർത്തിയിട്ടുണ്ട്. പടിഞ്ഞാറൻ, വടക്കൻ ഉത്തർപ്രദേശിലെ തട്ടകങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് ലഖ്‌നൗ ടീച്ചേഴ്സ്, മീററ്റ്–സഹാറൻപൂർ ടീച്ചേഴ്സ്, ബറേലി–മൊറാദാബാദ് ടീച്ചേഴ്സ്, മീററ്റ്–സഹാറൻപൂർ ഗ്രാജ്വേറ്റ്സ് ഉൾപ്പെടെ അഞ്ച് സീറ്റുകളിൽ ബിജെപി വിജയിച്ചു. പതിനൊന്ന് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് നടന്ന ഈ തെരഞ്ഞെടുപ്പ്, അടുത്ത വർഷം നടക്കാനിരിക്കുന്ന 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ദിശാസൂചികയായാണ് വിലയിരുത്തപ്പെടുന്നത്. അധ്യാപകരും ബിരുദധാരികളും മാത്രം വോട്ട് ചെയ്യുന്ന ഈ തെരഞ്ഞെടുപ്പ്, മധ്യവർഗ്ഗത്തിനും അഭ്യസ്തവിദ്യർക്കുമിടയിൽ ബിജെപി ഭരണത്തോടുള്ള രാഷ്ട്രീയ മനോഭാവത്തിന്റെ അളവുകോലായാണ് നിരീക്ഷിക്കപ്പെടുന്നത്.
വാരണാസിയിലെ വിജയം പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പുരോഗമന രാഷ്ട്രീയ സമീപനത്തിനുള്ള അംഗീകാരമാണെന്ന് വിജയിച്ച ലാൽ ബിഹാരി യാദവ് പ്രതികരിച്ചു. അധ്യാപകരെല്ലാം ഒറ്റക്കെട്ടായി സമാജ്‌വാദി പാർട്ടിക്കൊപ്പം നിന്നു. സർവ്വകലാശാലകളിലെ വിവേചനം സംബന്ധിച്ച വിവാദ യുജിസി ബിൽ ഈ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും ജോലിസ്ഥിരത ആഗ്രഹിച്ചവർ പാർട്ടിക്കൊപ്പം അണിനിരന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാരണാസിയിലെ വൻ വിജയം 2027-ലെ നിയമസഭാ പോരാട്ടത്തിന് മുൻപായി സമാജ്‌വാദി പാർട്ടിക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നുനൽകിയിരിക്കുന്നത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാരണാസിയിൽ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് എസ്പി നേതൃത്വം പുതിയ വിജയത്തെ ആഘോഷിക്കുന്നത്. ബിജെപിയിൽനിന്ന് അധ്യാപകർക്ക് അപമാനം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും, അവർക്ക് നൽകിയ അവഗണനകൾക്ക് 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി അധ്യാപകർ 'ഗുരു സങ്കല്പം' നിറവേറ്റുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ വോട്ടർമാർക്കിടയിലുണ്ടായ പരാജയം ബിജെപി നേതൃത്വത്തെ സംബന്ധിച്ച് രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates