ലഖ്‌നൗ: ഗുണനിലവാരം ഉറപ്പാക്കാന്‍ മുട്ടയില്‍ കാലാവധി രേഖപ്പെടുത്താന്‍ നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതിയ ഭക്ഷ്യ സുരക്ഷാ നിയമത്തിലാണ് നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഏപ്രില്‍ 1 മുതല്‍ എല്ലാ മുട്ടകളിലും തീയതി അടയാളപ്പെടുത്തല്‍ നിര്‍ബന്ധമാക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇന്ത്യയില്‍ ഇത്തരം ഒരു നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
ഉത്തര്‍പ്രദേശില്‍ ഉല്‍പ്പാദിപ്പിക്കുകയും സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോവുകയും ചെയ്യുന്ന മുട്ടകള്‍ക്ക് നിബന്ധന ബാധകമാണ്. ഉത്പനത്തിന്റെ ഗുണ നിലവാരത്തെ കുറിച്ച് ഉപഭോക്താക്കളില്‍ അവബോധം വര്‍ധിപ്പിക്കുന്നതിനാണ് നിര്‍ദേശമെന്നാണ് അധികൃതരുടെ വാദം. പൗള്‍ട്രി ഫാമുകള്‍, മൊത്തക്കച്ചവടക്കാര്‍, ചില്ലറ വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം നിയമം ബാധകമാണ്. മുട്ടകള്‍ ലൂസ് ആയി വില്‍ക്കുമ്പോള്‍ അവ എത്ര പഴക്കമുള്ളതാണെന്ന് തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കാറില്ല ഈ സാഹചര്യം ഉള്‍പ്പെടെ മറികടക്കാന്‍ സഹായിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍.
പുതിയ നിബന്ധനകള്‍ പ്രകാരം മുട്ട ഇട്ട ദിവസം മുതല്‍ 28 ദിവസം വരെയാണ് പരമാവധി കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് എക്‌സപെയറി ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മുട്ടയുടെ പുറംതോടില്‍ തന്നെരേഖപ്പെടുത്തണം. പാക്കറ്റിലോ ട്രേയിലോ തീയതി രേഖപ്പെടുത്തുന്ന രീതി മാറ്റണം. മുട്ട ഇട്ട തീയതിയും, അത് ഉപയോഗിക്കാന്‍ കഴിയുന്ന അവസാന തീയതിയും മുട്ടയില്‍ ഉണ്ടായിരിക്കണം. ഏപ്രില്‍ 1-ന് ശേഷം തീയതി രേഖപ്പെടുത്താത്ത മുട്ടകള്‍ വില്‍ക്കുന്നത് നിയമലംഘനമായി കണക്കാക്കും. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ കടകളിലും ഫാമുകളിലും കര്‍ശന പരിശോധന നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates