വഡോദര: നോണ്‍വെജ് വിഭവങ്ങള്‍ പരസ്യമായി വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍. നഗരത്തിലെ വഴിയോര കടകളിലും ഭക്ഷണശാലകളിലും വില്‍ക്കുന്ന എല്ലാത്തരം നോണ്‍വെജ് വിഭവങ്ങളും പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന്  വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ നിര്‍ദേശം നല്‍കി.
ചിക്കന്‍, മത്സ്യം, മാംസം, മുട്ട എന്നിവയുള്‍പ്പെടെ എല്ലാ നോണ്‍വെജ് വിഭവങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരും റെസ്റ്റോറന്റുകളും ഇവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയില്‍ മറക്കണമെന്ന് നഗരസഭയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഹിതേന്ദ്ര പട്ടേല്‍ പറഞ്ഞു. തിരക്കുള്ള പ്രധാന റോഡുകളുടെ സമീപമുള്ള കടകള്‍, ഭക്ഷണം അവിടെ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാംസാഹാരം വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുന്നത് വര്‍ഷങ്ങളായി തുടരുന്ന ശീലമായിരിക്കാം. പക്ഷേ അത് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പച്ചമാംസവും മുട്ടയും വില്‍ക്കുന്ന കടകള്‍ക്കും നിര്‍ദേശം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസത്തിനകം കച്ചവടക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നുമുള്ള തീരുമാനം നഗസഭ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മുനിസിപ്പല്‍ കമ്മീഷണര്‍ ശാലിനി അഗര്‍വാളും ഭരണവിഭാഗത്തിലെ ഉദ്യോഗസ്ഥരും പറഞ്ഞത്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അഗര്‍വാള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates