ഹൈദരാബാദ്: ക്ലാസ് മുറിയിൽ വച്ച് സഹപാഠിയെ വിവാഹം ചെയ്ത പെൺകുട്ടിയെ വീട്ടിൽ കയറ്റാൻ തയ്യാറാകാതെ മാതാപിതാക്കൾ. ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പ്ലസ് ടു ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു ക്ലാസ് മുറിയിൽ വച്ച് വിവാഹിതരായത്.
വീട്ടിൽ കയറാൻ അനുവാദം നിഷേധിക്കപ്പെട്ട പെൺകുട്ടിക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മീഷൻ അഭയം നൽകി. കൗൺസിലിങ്ങിനായി പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആൺകുട്ടിയുടെ കുടുംബവുമായും കമ്മീഷൻ അംഗങ്ങൾ സംസാരിച്ചു. ഇരുവർക്കും പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ വിവാഹം അസാധുവാണെന്ന് അധികൃതർ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലെ സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ് മുറിയിൽ വച്ച് താലി കെട്ടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വൻ രോഷം ഉയർന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തിരുന്നു.
നവംബർ ആദ്യവാരമാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു താലികെട്ട്. ആളൊഴിഞ്ഞ ക്ലാസ് മുറിയിലായിരുന്നു വിവാഹം. ആരെങ്കിലും വരുന്നതിന് മുൻപ് വേഗം താലികെട്ടാൻ വീഡിയോ പകർത്തിയ സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാൻ പെൺകുട്ടി പറയുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates