ശ്രീനഗര്‍: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്. വഖഫ് ഭേദഗതിയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്താതെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ബിജെപിയുമായി ഒത്തുകളിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് മാതാ വൈഷ്‌ണോ ദേവിയിലോ, അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിലോ അംഗങ്ങളാകാന്‍ കഴിയുമോയെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ചോദിച്ചു. ഒരു ക്ഷേത്രബോര്‍ഡില്‍ ഹിന്ദുക്കളല്ലാത്തവരെ അനുവദിക്കുമോ?. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) യുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സിഖുകാര്‍ അല്ലാത്തവരെ നിയമിക്കുമോ?. സിഖുകാരനല്ലാത്ത ഒരു അംഗത്തെ അവിടെ നിര്‍ത്തി കാണിക്കൂ എന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഒരു മതത്തെ മാത്രമേ ലക്ഷ്യം വച്ചിട്ടുള്ളൂ എന്നതുകൊണ്ട് വഖഫ് നിയമം അസ്വസ്ഥരാക്കുന്നു. ഓരോ മതത്തിനും സ്വത്തുക്കളും ആസ്തികളും ഉണ്ട്. ഓരോ മതത്തിനും അതിന്റേതായ സാമൂഹികവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഓരോ മതത്തിനും അതിന്റേതായ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ബില്‍ പ്രകാരം, മുസ്ലീങ്ങളല്ലാത്തവര്‍ക്ക് വഖഫ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കഴിയും. അദ്ദേഹം പറഞ്ഞു.
വഖഫ് നിയമം ആര്‍ട്ടിക്കിള്‍ 14, 15, 21, 25, 26, 29, 300 A പ്രകാരമുള്ള അടിസ്ഥാന ഭരണഘടനാ സംരക്ഷണങ്ങളെ ലംഘിക്കുന്നതാണ്. രാജ്യത്തുടനീളമുള്ള മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യം, സമത്വം, സ്വത്തവകാശം എന്നിവയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്. ഇതിനെതിരെ നിയമപോരാട്ടം നടത്തും. നിയമത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കട്ടെയെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ സ്പീക്കര്‍ നിയമസഭ അനിശ്ചിതമായി പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നത്. വഖഫ് നിയമത്തെക്കുറിച്ചുള്ള ചര്‍ച്ച തടയാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭയില്‍ നാടകം കളിച്ചുവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി ആരോപിച്ചു. കശ്മീരില്‍ ബിജെപിയുടെ പ്രവേശനത്തിന് സൗകര്യമൊരുക്കിയവരും ബിജെപിയുടെ മടിയില്‍ ഇരുന്നവരുമാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates