ന്യൂഡല്‍ഹി: പ്രണയപരാജയം മൂലം ഒരു പുരുഷന്‍ ജീവിതം അവസാനിപ്പിച്ചാല്‍ കാമുകിക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്താനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദുര്‍ബലമായ മാനസികാവസ്ഥയുള്ള ഒരു വ്യക്തി എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നു കോടതി കൂട്ടിച്ചേര്‍ത്തു.
പ്രണയ പരാജയം മൂലം ഒരു കാമുകന്‍ ആത്മഹത്യ ചെയ്താല്‍, പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്താല്‍, ഒരു ഇടപാടുകാരന്‍ അയാളുടെ കേസ് തള്ളിയതിനെത്തുടര്‍ന്നുള്ള ആത്മഹത്യ തുടങ്ങിയവയില്‍ പ്രേരണാകുറ്റം ചുമത്താനാവില്ലെന്ന് ജസ്റ്റിസ് അമിത് മഹാജന്‍ പറഞ്ഞു. 2023ല്‍ യുവാവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്ന കാരണത്താല്‍ കുറ്റം ചുമത്തിയ കാമുകിക്കും അവളുടെ സുഹൃത്തിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
യുവാവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ യുവതി തന്റെ മകനുമായി നേരത്തെ പ്രണയത്തിലായിരുന്നുവെന്നും കേസിലെ മറ്റ് പ്രതികള്‍ ഇരുവരുടേയും സുഹൃത്തുക്കളായിരുന്നുവെന്നും പറയുന്നുണ്ട്. എന്നാല്‍ യുവതിയും അവരുടെ സുഹൃത്തും തമ്മില്‍ ശാരീരിക ബന്ധമുണ്ടെന്നും അതിനാല്‍ ഉടന്‍ വിവാഹിതരാകുമെന്നും കാമുകനോട് പറഞ്ഞതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പരാതി. രണ്ട് പേര്‍ കാരണം താന്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഇരുവരുടേയും പേരുകളും ഉണ്ട്. എന്നാല്‍ പ്രഥമദൃഷ്ട്യാ ആത്മഹത്യാക്കുറിപ്പില്‍ തനിക്കുണ്ടായ വേദന കുറിക്കുക മാത്രമാണുണ്ടായതെന്നും ഭയപ്പെടുത്തുന്ന തരത്തിലുള്ള ഭീഷണികളുണ്ടെന്ന് കാണിക്കുന്ന യാതൊരു തരത്തിലുള്ള കാര്യങ്ങളും ഇല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മരിച്ചയാള്‍ വളരെ സെന്‍സിറ്റീവാണെന്നും വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത് അതാണെന്നും തന്നോട് സംസാരിക്കാന്‍ വിസമ്മതിക്കുമ്പോഴെല്ലാം ആത്മഹത്യ ചെയ്യുമെന്ന് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും കോടതി കണ്ടെത്തി. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാമെന്നുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തിന് ഹര്‍ജി സമര്‍പ്പിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates