ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം വലിയ സ്വാധീനം ചെലുത്തിയ രാമോജി റാവു തൊട്ടതെല്ലാം പൊന്നാക്കിയാണ് ഓര്‍മ്മയാകുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ്, മാധ്യമ സംരംഭകന്‍, വിദ്യാഭ്യാസ-പത്ര പ്രവര്‍ത്തകന്‍ എന്നിങ്ങനെ പല മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം.
മാര്‍ഗദര്‍ശി ചിറ്റ്ഫണ്ട്‌സിലൂടെയായിരുന്നു രാമോജിയുടെ തുടക്കം. തുടര്‍ന്ന് വ്യത്യസ്തമായ നിരവധി മേഖലകളില്‍ വിജയം നേടിയ അദ്ദേഹം ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് പടുത്തുയര്‍ത്തിയത്. 1983ലാണ് രാമോജി റാവു ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരണ്‍ മൂവീസ് സ്ഥാപിക്കുന്നത്. പിന്നീടങ്ങോട്ട് ഈ നിര്‍മാണ കമ്പനിയുടെ ബാനറില്‍ നിരവധി ഹിറ്റുകള്‍ പിറന്നു. തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ രാമോജി നിര്‍മ്മിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം യുവ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മികച്ച വിനോദ സിനിമകളും ഉഷാകിരണ്‍ മുവീസിന്റെ ബാനറില്‍ പുറത്തെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നീടാണ് ഫിലിം സിറ്റി എന്ന ആഗ്രഹം മനസ്സില്‍ ഉദിക്കുന്നത്. 1990 കളിലാണ് പ്രാഥമിക ജോലികള്‍ ആരംഭിക്കുന്നത്. ഹൈദരാബാദിലെ വിജയവാഡയിലെ ഹയാത്നഗറില്‍ 1996 -ല്‍ ഫിലിം സിറ്റി തുറന്നു. കാലക്രമേണ 2000 ഏക്കറോളം ഭൂമിയില്‍ അത് പടര്‍ന്നുപന്തലിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായാണ് ഇതറിയപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായി ഗിന്നസ് റെക്കോഡും സ്വന്തമാക്കി. ഹോളിവുഡിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോ ആയിരുന്നു റാമോജി റാവുവിന് പ്രചോദനമായത്. ഇന്ത്യയിലെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ചിത്രങ്ങളാണ് അവിടെ പിറന്നത്.
1936 നവംബര്‍ 16-ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് രാമോജി റാവു ജനിച്ചത്. കുട്ടിക്കാലം മുതല്‍ തന്നെ പുതിയ കാര്യങ്ങള്‍ പഠിക്കാനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനും കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
ഈനാട് പത്രം, ഇടിവി നെറ്റ്വര്‍ക്ക്, രമാദേവി പബ്ലിക് സ്‌കൂള്‍, ഉഷാകിരണ്‍ മുവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, പ്രിയ ഫുഡ്സ്, മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളിലൂടെ നിരവധി പേര്‍ക്ക് പ്രചോദനമായി മാറി.
തെലുഗു സിനിമയില്‍ നാല് ഫിലിം ഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും രാമോജി റാവു നേടി. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016-ല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates