2020ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശ് സന്ദർശിച്ചപ്പോൾ ഹിമാലയത്തിലെ അത്ഭുതകൂണുകൾ വാർത്തകളിൽ നിറഞ്ഞിരുന്നു. മോദിക്കായി ഒരുക്കിയ വിരുന്നിലെ പ്രധാന ആകർഷണമായിരുന്നു ലോകത്തിലെ ഏറ്റവും വിലയേറിയ ഗുച്ചി എന്ന കാട്ടുകൂൺ. മാംസളമായ ഘടനയും ഉഗ്രൻ സ്വാദും എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുമെല്ലാം ഗുച്ചിയെ പ്രിയപ്പെട്ടതാക്കുന്നു. പതിനായിരങ്ങൾ വിലയുള്ളപ്പോഴും വിപണിയിൽ ഈ കൂണുകൾ കിട്ടാൻ പ്രയാസമാണ്. പക്ഷെ, ഇക്കുറി കാര്യങ്ങൾ മാറിയേക്കും. ഇത്തവണ ഗുച്ചി കൂണുകൾ ഹിമാലയൻ കാടുകളിൽ സുലഭമായി മുളച്ചുപൊന്തിയിട്ടുണ്ടെന്നാണ് വിവരം.
മോർച്ചെല്ല എസ്കുലെന്റ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഗുച്ചി കൂണുകൾ ഉണക്കിയാണ് വിൽക്കുന്നത്. ഇതിന് ഒരു കിലോയ്ക്ക് ആഭ്യന്തര വിപണിയിലെ ഹോൾസെയിൽ വില 8000രൂപയ്ക്കും 12,000രൂപയ്ക്കും ഇടയിലാണ്. ഇവയിൽ വലിയൊരു ശതമാനവും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് എന്നിവിടങ്ങളിലാണ് ഗുച്ചി കൂണിന് ഏറ്റവും നല്ല വില ലഭിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് 40,000രൂപയ്ക്ക് മുകളിലാണ് ഇവയുടെ വില. വീഗൻ ഭക്ഷണത്തോടുള്ള വിദേശിയരുടെ പ്രിയം ഗുച്ചി കൂണുകളുടെ ആവശ്യകത വർദ്ധിക്കാൻ കാരണമായി. വലുപ്പവും ഗുണനിലവാരവും അനുസരിച്ചാണ് ഇവയുടെ വില നിശ്ചയിക്കുന്നത്.
ഒരു കിലോയോളം ഗുച്ചി വിളവെടുത്താൽ അത് ഉണക്കിക്കഴിയുമ്പോൾ 80-100 ഗ്രാമായി കുറയും. ഹിമാചലിൽ മഞ്ഞുകാലത്തിനു ശേഷമാണ് കൂണുകൾ മുളയ്ക്കുക. മെയ് മുതൽ ജൂൺ അവസാനം വരെയാണ് പ്രദേശവാസികൾ ഇതു ശേഖരിക്കുന്നത്. ഷിംല, ചമ്പ, കുളു മണാലി, കാംഗ്ര, പാങ്കി താഴ്‍വര എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കാട്ടിലൂടെയും താഴ്വരയിലൂടെയും ദുർഘടമായ വഴികൾ താണ്ടിയാണ് ഗ്രാമങ്ങളിലെ തൊഴിലാളികൾ കൂണുകൾ കണ്ടെത്തുന്നത്. പലപ്പോഴും കട്ടിയേറിയ മഞ്ഞുപാളികൾ പൊളിച്ചുനോക്കിയാണ് ഇവ കണ്ടെത്തുന്നത്. ദ്രവിച്ച മരത്തടികളിലും വീണുകിടക്കുന്ന ഇലകളിലുമാണ് കൂൺ പ്രധാനമായും വളരുന്നത്. ഒരു വർഷം മുളച്ച ഇടത്ത് അടുത്ത വർഷം മുളയ്ക്കാം, മുളയ്ക്കാതിരിക്കാം. അതുകൊണ്ടുതന്നെ കൂണുകൾ എവിടെയൊക്കെ കാണും എന്ന കാര്യം പ്രവചനാതീതമാണ്.
കൂണുകൾ ശേഖരിച്ച് ഉണക്കി വിപണിയിലെത്തിക്കുന്ന പ്രക്രിയയ്ക്കു മാസങ്ങളെടുക്കും. വൻവിലയുള്ളതിനാൽ ഗ്രാമവാസികൾ കൂണുകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാറില്ല. എന്നാൽ, അടുത്തിടെയായി ഗുച്ചി കൂണുകളുടെ വിൽപ്പനയിൽ ചൈന വെല്ലുവിളി ഉയർത്തുന്നുണ്ട്. കുറച്ച് വർഷമായി ചൈന ഇവ വലിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. വ്യാപകമായി നിർമ്മിക്കുകയും കുറഞ്ഞ വിലയിൽ വിൽക്കുകയും ചെയ്യുന്നത് ഇന്ത്യൻ വിളയ്ക്ക് കടുത്ത വെല്ലുവിളിയാകുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates