ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണല്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. കോണ്‍ഗ്രസും സഖ്യകക്ഷികളും രാജ്യത്ത് വീണ്ടും അരാജകത്വം സൃഷ്ടിക്കാനും രാഹുല്‍ ഗാന്ധിയെ റീലോഞ്ച് ചെയ്യാനുമാണ് ശ്രമിക്കുന്നതെന്നും പാര്‍ട്ടി വക്താവ് സംബിത് പത്ര ആരോപിച്ചു. ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
സുപ്രീം കോടതി പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കോണ്‍ഗ്രസ് രാഷ്ട്രീയം വളര്‍ത്താനുമാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയ പത്ര, ഫോം 6 അനധികൃതമാണെന്ന് പറഞ്ഞിട്ടില്ല. ഹര്‍ജിയില്‍ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത്. കേസില്‍ ഇതുവരെ വാദം പോലും ആരംഭിച്ചിട്ടില്ല. വാദം കേള്‍ക്കുമ്പോള്‍ വിഷയം പരിശോധിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. എന്നിട്ടും, രാജ്യത്ത് അരാജകത്വത്തിന്റെയും അസത്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി എംപി പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം തങ്ങളുടെ തെരഞ്ഞെടുപ്പ് തോല്‍വികളുടെ വിഷമം തീര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 'പ്രതിപക്ഷ സുഹൃത്തുക്കളെ നിങ്ങള്‍ ചോദ്യം ചെയ്യുന്ന ഇതേരീതിയിലാണ് നിങ്ങള്‍ കേരളത്തില്‍ വിജയിച്ചത്. ആ വിജയം നിയമവിരുദ്ധമായിരുന്നോ?. കര്‍ണാടകയിലെ വിജയം നിയമവിരുദ്ധമായിരുന്നോ?. ഹിമാചലിലെ വിജയം നിയമവിരുദ്ധമായിരുന്നോ? പഞ്ചാബിലും ഝാര്‍ഖണ്ഡിലും പ്രതിപക്ഷ സര്‍ക്കാരുകളാണ്; ആ വിജയങ്ങള്‍ നിയമവിരുദ്ധമായിരുന്നോ?'-ചൗഹാന്‍ ചോദിച്ചു.
തോല്‍വി അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വമാണ്. ജനാധിപത്യത്തെ അവഹേളിക്കുന്നതും ജനാധിപത്യ സ്ഥാപനങ്ങളെ കളങ്കപ്പെടുത്തുന്നതും അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവണം. ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്താല്‍ രാജ്യത്തെ അരാജകത്വത്തിന്റെ തീയിലേക്ക് തള്ളിവിടുന്ന പാപമായിരിക്കും നിങ്ങള്‍ ചെയ്യുന്നത്. രാജ്യത്തെ അശാന്തിയിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടുന്ന പാപം ചെയ്യരുത്. രാജ്യവും ജനങ്ങളും നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുതാര്യമായ ജനാധിപത്യത്തിന് ശുദ്ധമായ വോട്ടര്‍ പട്ടിക അത്യന്താപേക്ഷിതമാണെന്ന് ചൗഹാന്‍ പറഞ്ഞു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തിനാണ് എതിര്‍ക്കുന്നത്. മരിച്ചവരുടെ പേരുകള്‍ എന്തിനാണ് വോട്ടര്‍ പട്ടികയില്‍ വരുന്നത്? പൗരന്മാരല്ലാത്തവരുടെ പേരുകള്‍ എന്തിന് ഉള്‍പ്പെടുത്തണം? ഒരു പേര് രണ്ട് സ്ഥലങ്ങളില്‍ എന്തിനാണ് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates