Zuckerberg 
India

കേന്ദ്രത്തിനു വഴങ്ങി സക്കര്‍ബര്‍ഗ്; ലൈംഗികാതിക്രമ ഉള്ളടക്കത്തിലും സാങ്കേതിക പിഴവിലും ഖേദപ്രകടനം

കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ഉന്നതതല ചര്‍ച്ചകളിലാണ് സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍, ഡീപ്പ്ഫേക്കുകള്‍ എന്നിവ പ്രചരിച്ചതിലും ഉള്ളടക്ക നിയന്ത്രണത്തിലെ വീഴ്ചകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പുപറഞ്ഞ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ഉന്നതതല ചര്‍ച്ചകളിലാണ് സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മെറ്റ പ്ലാറ്റ്ഫോമുകളില്‍ നിയമവിരുദ്ധമായ ഉള്ളടക്കങ്ങളും വ്യാജ പ്രചാരണങ്ങളും തടയുന്നതില്‍ സംഭവിച്ച പ്രവര്‍ത്തനപരമായ പോരായ്മകള്‍ സക്കര്‍ബര്‍ഗ് തത്വത്തില്‍ അംഗീകരിച്ചു. പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഉള്ളടക്കങ്ങളുടെ പരിശോധനയെക്കുറിച്ചും വിപുലമായ ചര്‍ച്ചകള്‍ നടന്നുവെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിഷയം യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള നേതൃത്വവും തമ്മില്‍ നടന്ന രണ്ട് ദിവസത്തെ കൂടിക്കാഴ്ചയിലാണ് സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയത്. പ്ലാറ്റ്ഫോം പാലിക്കേണ്ട ഉത്തരവാദിത്തം, ഉള്ളടക്ക നിയന്ത്രണം, ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. ഉള്ളടക്ക നിയന്ത്രണത്തിലെ തെറ്റുകള്‍ മെറ്റ സമ്മതിക്കുകയും പ്ലാറ്റ്ഫോമുകളില്‍ ദോഷകരമായ ഉള്ളടക്കം കൈകാര്യം ചെയ്തതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഓണ്‍ലൈന്‍ സുരക്ഷ കര്‍ശനമാക്കുന്നതിനും ദോഷകരമായ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിനുമായി പ്ലാറ്റ്ഫോമിലെ സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മെറ്റ ഉറപ്പുനല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും ഐടി മന്ത്രാലയവും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സുരക്ഷയില്‍ കര്‍ശന നിലപാട് തുടരുന്നതിനിടെയാണ് മെറ്റയുടെ വിശദീകരണം.

നേരത്തെ പ്രധാനമന്ത്രി മോദിയുടെ വിഡിയോ ഫെയ്സ്ബുക്കില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്ത സംഭവത്തില്‍ സക്കര്‍ബര്‍ഗിന് പാര്‍ലമെന്ററി സമിതി അന്ത്യശാസനം നല്‍കിയിരുന്നു. സംഭവത്തില്‍ സക്കര്‍ബര്‍ഗ് മൂന്നുദിവസത്തിനകം മാപ്പ് പറയണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സമയപരിധിക്കകം മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ മെറ്റയ്ക്ക് ലഭിക്കുന്ന സേഫ് ഹാര്‍ബര്‍ നിയമപരിരക്ഷ റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി.

ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിലാണ് തീരുമാനം. 140 കോടി ജനങ്ങളുടെ പ്രതിനിധിയായ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്തത് ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സമിതി നിരീക്ഷിച്ചു. ജൂലൈ 23നാണ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി പങ്കുവെച്ച വിഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായത്. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന മെറ്റയുടെ വിശദീകരണം ഐടി മന്ത്രാലയവും പാര്‍ലമെന്ററി സമിതിയും തള്ളി.

മെറ്റയ്ക്ക് പുറമെ ഗൂഗിള്‍, യൂട്യൂബ്, എക്‌സ്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളും സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകളും മൂന്ന് ദിവസത്തിനകം പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. വീഴ്ച വരുത്തുന്ന പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി.

Zuckerberg apologises for operational errors, child porn: Sources amid PM video row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഴങ്ങളുടെ സംഭരണ ആയുസ്സ് വർധിപ്പിക്കാൻ പുത്തൻ കണ്ടുപിടുത്തം; പേറ്റന്റ് നേടി പാലക്കാട് ഐഐടി ഗവേഷകർ

ദമ്പതികള്‍ക്ക് ഒരുമിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ, ഗ്യാരണ്ടീഡ് അഡിഷനുകള്‍; അറിയാം എല്‍ഐസിയുടെ കിടിലന്‍ പ്ലാന്‍

സ്‌പെയിനിന് ഒരു ദുരന്തം വന്നപ്പോള്‍ കൈത്താങ്ങായി മെസി; 'മനുഷ്യത്വത്തിന്റെ മനോഹര മാതൃക'; 80,000 യൂറോ സഹായം

വിമാനം രണ്ടു മണിക്കൂര്‍ വൈകി; ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്

കൊച്ചി മെട്രോയിൽ അവസരം! എച്ച് ആർ, മാനേജർ തസ്തിക; നിയമബിരുദം ഉള്ളവർക്കും അപേക്ഷിക്കാം