ന്യൂഡെല്‍ഹി: പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ആരെവേണമെങ്കിലും വെടിവെക്കാനും കാരണം കാണിക്കാതെയും കേസെടുക്കാതെയും അറസ്റ്റു ചെയ്യാനുമുള്ള പ്രത്യേക സൈനികാധികാര നിയമം അഫ്‌സ്പ (Armed Forces Special Powers Atc) അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതാണ് പ്രത്യേക സൈനികാധികാര നിയമം ഭാഗികമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ രണ്ടു സംസ്ഥാനങ്ങളിലും ഇക്കാര്യത്തിനായി നിയമിച്ച സൈനികരെ ഭാഗികമായി പിന്‍വലിക്കും. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലേയും അഫ്‌സ്പ നിയമത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം വിശദീകരണം നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
ഉല്‍ഫ, എന്‍ഡിഎഫ്എ എന്നിവയുടെ ആക്രമ പ്രവര്‍ത്തികള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ മെയില്‍ അഫ്‌സ്പ നിയമം മൂന്ന് മാസം കൂടി അസമില്‍ നീട്ടിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഗസറ്റിലൂടെ അറിയിച്ചിരുന്നു.
അരുണാചല്‍ പ്രദേശിലെ തിരാപ്പ്, ചങ്ക്‌ലാങ്ക്, ലോങ്ഡിങ് എന്നീ ജില്ലകളിലും അഫ്‌സ്പ ഭാഗികമായി പിന്‍വലിക്കും. 1990 മുതല്‍ കഴിഞ്ഞ 27 വര്‍ഷമായി അസമും അസമുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിലെ മൂന്ന് ജില്ലകളും സംസ്ഥാനത്തെ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളും 2016 ജനുവരി മുതല്‍ അഫ്‌സ്പ നിയമത്തിനു കീഴിലാണ്.
വടക്ക് കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ പ്രശ്‌ന ബാധിത മേഖലകളില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമമാണ് അഫ്‌സ്പ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിയമം ലംഘിക്കുന്നവരെ സായുധസേനയ്ക്ക് എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കേസ് എടുക്കാതെ തടവില്‍ വയ്ക്കാനും വെടിവയ്ക്കാനും അധികാരം നല്‍കുന്ന നിയമം 1958ലാണ് നിലവില്‍ വന്നത്. നാഗാലാന്‍ഡ്, അസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശിന്റെ ചിലഭാഗങ്ങള്‍, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അഫ്‌സ്പ നിലനില്‍ക്കുന്നത്.
അഫ്‌സ്പ നിലവിലുള്ള സംസ്ഥാനങ്ങളില്‍ ഇതുമറയാക്കി സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates