ന്യൂഡല്‍ഹി: സഹോദരനെപ്പോലെ അടുപ്പമുണ്ടായിരുന്നയാളാണ് തന്നെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവര്‍ക്കു കാഴ്ച വയ്ക്കുകയും ചെയ്ത ബിജെപി എംഎല്‍എയെന്ന് ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി. ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞു വീട്ടിലേക്കു വിളിപ്പിച്ചാണ് ഇയാള്‍ തന്നെ ഉപദ്രവിച്ചത്. പിന്നീട് ഇയാളുടെ കൂട്ടാളികളും പീഡിപ്പിച്ചു. ഒടുവില്‍ മറ്റുള്ളവര്‍ക്ക് പണം വാങ്ങി തന്നെ വിറ്റതായും പെണ്‍കുട്ടി വെളിപ്പെടുത്തി.
'സഹോദരാ' എന്നാണ് അയല്‍വാസി കൂടിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെ താന്‍ വിളിച്ചിരുന്നത്. കുടുംബാംഗങ്ങളോടെല്ലാം അടുപ്പം സൂക്ഷിച്ചിരുന്ന, വീട്ടില്‍വന്ന് മുത്തശ്ശിയെക്കൊണ്ട് ഇഷ്ടമുള്ള മുട്ടക്കറി ഉണ്ടാക്കിക്കഴിച്ചിരുന്ന സഹോദരനായിരുന്നു അയാള്‍- പെണ്‍കുട്ടി പറഞ്ഞു.
2017 ജൂണ്‍ നാലിനാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്. ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് തന്നെ വീട്ടിലേക്കു വിളിപ്പിച്ചു അയാള്‍. അവിടെ വച്ച് ബലാത്സംഗം ചെയ്തു. പുറത്തുപറഞ്ഞാല്‍ കുടുംബത്തെ ഒന്നടങ്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ജൂണ്‍ 11ന് എംഎല്‍എയുടെ കൂട്ടാളികള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കി. അതിനുശേഷം പെണ്‍കുട്ടിയെ വില്‍ക്കുകയായിരുന്നു. ഇവരില്‍നിന്നാണ് രക്ഷപ്പെട്ടാണ് തിരിച്ചെത്തിയത്.
നാട്ടില്‍ നില്‍ക്കാനാകാതെ ഡല്‍ഹിയില്‍ അമ്മാവന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മാവന്റെ ഭാര്യയോടാണ് സംഭവങ്ങള്‍ വെളിപ്പെടുത്തിതയത്. ആഗസ്ത് 17ന് അമ്മാവന്‍ പെണ്‍കുട്ടിയെ കൂട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വസതിയില്‍ സന്ദര്‍ശിച്ച് പരാതി നല്‍കി. എന്നാല്‍, നടപടിയൊന്നുമുണ്ടായില്ല.
മുഖ്യമന്ത്രി കണ്ട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാതിരുന്നതിനാല്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതികളയച്ചു. ഇതിനു പിന്നാലെ എംഎല്‍യുടെ പേര് ഒഴിവാക്കാനുള്ള ഭീഷണിയുമായി വരികയാണ് പൊലീസ് ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നു. ഇതിനിടെയാണ് അച്ഛനെ എംഎല്‍എയുടെ സഹോദരനും കൂട്ടാളികളും ക്രൂരമായി മര്‍ദിച്ച വിവരം അറിയുന്നത്. ഉടന്‍തന്നെ പെണ്‍കുട്ടി മുഖ്യമന്ത്രിയെ കാണാന്‍ ലഖ്‌നൗവിലെത്തി. എന്നാല്‍ കാണാന്‍ അനുമതി ലഭിച്ചില്ല. കുടുംബത്തിനുണ്ടായ ദുരിതങ്ങള്‍ക്കെല്ലാം കാരണം താനാണെന്ന് തോന്നിയതോടെയാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.
മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ പ്രതിഷേധങ്ങള്‍ ശക്തമായതിനാലാണ് പരാതി സ്വീകരിക്കാനെങ്കിലും അധികൃതര്‍ തയ്യാറായതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. എംഎല്‍എക്കും കൂട്ടാളികള്‍ക്കുമെതിരെ പ്രതികരിക്കാന്‍ ആരും തയ്യാറാകില്ലെന്നും അങ്ങനെ ചെയ്താല്‍ ഗുണ്ടകള്‍ അവരെ ഇല്ലാതാക്കുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates