ലഖ്‌നൗ: ബിജെപി എംഎല്‍എ പ്രതിയായ ഉത്തര്‍പ്രദേശിലെ ഉന്നാവ് കൂട്ടബലാത്സംഗ കേസിലെ പ്രധാന ദൃക്‌സാക്ഷികളിലൊരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ ശരീരം മറവ് ചെയ്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. സിബിഐയുടെ ദൃക്‌സാക്ഷിപ്പട്ടികയിലുള്ള യൂനുസ് എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കാറിന്റെ അനുയായികളാണെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ആരോപിച്ചു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയാണ് മരിച്ച യൂനുസ്. കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍സിങ് സെങ്കാര്‍ ഈ കേസില്‍ പ്രതിയാണ്. മാഖി ഗ്രാമത്തില്‍ സ്റ്റേഷനറി കട നടത്തുന്ന യൂനുസ് പെണ്‍കുട്ടുയുടെ പിതാവിനെ അതുലും സംഘവും മര്‍ദ്ദിക്കുന്നത് കണ്ടിരുന്നുവെന്നാണ് സിബിഐ എഫ്‌ഐആര്‍. പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യൂനുസ് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ മരിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു. സിബിഐയെയും പൊലീസിനെയും അറിയിക്കാതെ ബന്ധുക്കള്‍ ഇദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുകയായിരുന്നു.
ബിജെപി എംഎല്‍എയുടെ അനുയായികള്‍ ഇദ്ദേഹത്തെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാകാം എന്ന് അമ്മാവന്‍ ആരോപിക്കുന്നു. ശരീരം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുല്‍ദീപിന് എതിരെ സാക്ഷി പറയരുതെന്നും സിബിഐ അന്വേഷണത്തിനോട് സഹകരിക്കരുത് എന്നും ആവശ്യപ്പെട്ട് ബിജെപി ഗുണ്ടകള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി യൂനുസിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates