ലക്‌നൗ: കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും വീടും നല്‍കും. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിറക്കിയെന്ന് യുപി സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയുടെ മരണകാരണം മാരകമായ പൊള്ളലേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ വിഷാംശത്തിന്റെയോ ശ്വാസം മുട്ടിച്ചതിന്റെയോ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഉന്നാവിലെ യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മന്ത്രിമാരെയും എംപിയെയും ജനങ്ങള്‍ തടഞ്ഞു. കാബിനറ്റ് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമല്‍ റാണി വരുണ്‍ എന്നിവര്‍ക്കും ബിജെപി എംപി സാക്ഷി മഹാരാജിനുമാണ് ജനങ്ങളുടെ രോഷപ്രകടനം നേരിടേണ്ടിവന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് രണ്ട് മന്ത്രിമാര്‍ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്.
നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്‍എസ്‌യുഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയശേഷമാണ് മന്ത്രിമാരുടെയും എംപിയുടെയും വാഹനത്തിന് ഗ്രാമത്തില്‍ പ്രവേശിക്കാനെത്തിയത്.
ഗുരുതരമായ പൊള്ളലേറ്റ് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 23കാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചത്.
സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ യോഗി ആദിത്യനാഥ് പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും കേസിന്റെ വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതിനിടെ യുവതിയുടെ കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു. അക്രമികളില്‍ ഒരാളെപ്പോലും വെറുതെ വിടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates