ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയൊടുക്കാൻ തയ്യാറാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ 15നുള്ളിൽ പിഴയടക്കും. ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ട്വീറ്റുകൾ സുപ്രീം കോടതിയെ അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. സുപ്രീം കോടതിയുടെ വിജയം എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി ബലഹീനമായാൽ രാജ്യത്തെ ഓരോ പൗരനേയും അത് ബാധിക്കും. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീം കോടതി. അനീതിക്കെതിരെ ശബ്ദമുയർത്താൻ പലർക്കും ഈ കേസ് പ്രചോദനമായി എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോടതി വിധിക്കെതിരെ പോരാട്ടം തുടരും. പുനഃപരിശോധനാ ഹർജി നൽകുമെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിൽ അഡ്വ. പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചിരുന്നു. പിഴ അടക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അഭിഭാഷക വൃത്തിയിൽ നിന്ന് മൂന്നു വർഷം വിലക്കും നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.
ഭൂഷൺ മാപ്പു പറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നൽകിയിരുന്നു. അതിനെ തുടർന്നാണ് ഒരു രൂപ പിഴ വിധിച്ചുള്ള അസാധാരണ വിധി പറപ്പെടുവിച്ചത്.
പ്രശാന്ത് ഭൂഷണ് പുനഃപരിശോധനാ ഹർജിക്കുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചു. സെപ്റ്റംബർ 15നകം പിഴയടച്ചില്ലെങ്കിൽ തടവ് ശിക്ഷയനുഭവിക്കേണ്ടി വരും. അഭിഭാഷക വൃത്തിയിൽ നിന്നുള്ള വിലക്കും നേരിടേണ്ടി വരും.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നാഗ്പുരിൽ വെച്ച് ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറ് വർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates