ചെന്നൈ:സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെയ്പ്പിന് പിന്നാലെ തൂത്തുക്കുടിയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കമല്‍ഹാസന്‍. തൂത്തുക്കുടിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടു? മുന്നറിയിപ്പ്! എന്താണ് അടുത്തത്? തമിഴ്‌നാടിനെ ഒറ്റപ്പെടുത്തലാണോ? അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദിച്ചു.
ചരിത്രത്തില്‍ ഇതുവരെ കാണാത്ത ജനമുന്നേറ്റത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഒരു സര്‍ക്കാരിനും ജനങ്ങളുടെ ഈ ശക്തിയെ പിടിച്ചുകെട്ടാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.
നേരത്തെ നിരോധനാജ്ഞ ലംഘിച്ച് വെടിവെയ്പ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച കമലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ എത്തി വെടിവെയ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കമല്‍ഹാസന്‍ നടത്തിയത്. ആരാണ് വെടിവെയ്പ്പിന് ഉത്തരവിട്ടതെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് കമല്‍ഹാസന്‍ ചോദിച്ചു. ഇത് എന്റെ മാത്രം ആവശ്യമില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സമരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും ആവശ്യമാണ്. നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇതില്‍ നിന്നും രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഈ വ്യവസായം അടച്ചുപൂട്ടിയേതീരുവെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
അതേസമയം ഇന്നുച്ചയ്ക്ക് സമരക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിയുതിര്‍ത്തു. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ മരണം പന്ത്രണ്ടായി. തൂത്തുക്കുടിയിലേയും തിരുനല്‍വേലിയിലേയും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.വെടിവെയ്പ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.
സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. സമരത്തിന്റെ നൂറാംദിവസത്തില്‍ തൂത്തുക്കുടി കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 1996 ലാണ് തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റ് പ്രവര്‍ത്തനം മേഖലയിലെ പാരിസ്ഥിതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരക്കാര്‍ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു.
വിപുലീകരണം നടന്നാല്‍ ദക്ഷിണേഷ്യയിലെ രണ്ടാമത്തെ വലിയ കോപ്പര്‍ സംസ്‌കണ പ്ലാന്റായി തൂത്തുക്കുടിയിലേത് മാറും. പ്രതിവര്‍ഷം 9 ലക്ഷം ടണ്‍ കോപ്പര്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ചൈനയിലുണ്ട്, പക്ഷേ അത് ജനവാസമേഖലയിലല്ല. എന്നാല്‍, പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വികസനവുമായി മുന്നോട്ട് പോകാനാണ് സ്‌റ്റെര്‍ലൈറ്റ് ഇന്‍ട്രസ്ട്രീസിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates