രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും -ഫയല്‍ 
India

ഒറ്റ തെരഞ്ഞെടുപ്പ്: മോദിയുടെ യോഗത്തിനില്ലെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും; സിപിഎം പങ്കെടുക്കും

ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ടിഡിപി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ യോഗത്തിനില്ലെന്നു വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കും. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ടിഡിപി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ യോഗത്തിനില്ലെന്നു വ്യക്തമാക്കി. അതേസമയം യോഗത്തില്‍ പങ്കെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അറിയിച്ചു.

പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷപദത്തില്‍ ഉള്ളവരെയാണ് പ്രധാനമന്ത്രി യോഗത്തിനു ക്ഷണിച്ചിട്ടുള്ളത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. യോഗത്തിനില്ലന്ന് ആദ്യം അറിയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതുപോലെയുള്ള നിര്‍ദേശം ദീര്‍ഘകാല ചര്‍ച്ചകളിലുടെ നടപ്പാക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ്, യോഗത്തിനില്ലെന്ന് മമത അറിയിച്ചത്.

യോഗത്തില്‍ പങ്കെടുക്കില്ലെന്നും എന്നാല്‍ പകരക്കാരനെ അയക്കുമെന്നുമാണ് ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവുന്റെ നിലപാട്. കേന്ദ്ര സര്‍ക്കാരിനോട് ചര്‍ച്ച നടത്തിയിട്ടു പ്രയോജനമൊന്നുമില്ലെന്നാണ് അനുഭവമെന്ന് റാവു വാര്‍ത്താലേഖകരോടു പറഞ്ഞു. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനു പകരം ഗുണ്ടൂര്‍ എംപി ജയദേവ് ഗാല യോഗത്തില്‍ പങ്കെടുത്തേക്കും. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനു പകരം പ്രതിനിധി യോഗത്തിനെത്തുമെന്നാണ് സൂചന. 

പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ആയിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ദാരിദ്ര്യം പോലെയുള്ള പ്രധാന വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതു പോലെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് മായാവതി പറഞ്ഞു.

കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് അറിവെന്ന് പാര്‍ട്ടി എംപി ഗൗരവ് ഗൊഗോയി വാര്‍ത്താ ലേഖകരോടു പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി നിലപാടു വ്യക്തമാക്കിയിട്ടില്ല.

പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

SCROLL FOR NEXT