ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും പഴിച്ച് കേന്ദ്രസര്‍ക്കാര്‍. നിരവധി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ കര്‍ഷക ആത്മഹത്യ സംബന്ധിച്ചുളള കണക്കുകള്‍ കൈമാറിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. സംസ്ഥാനങ്ങളില്‍നിന്നു വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍
കര്‍ഷക ആത്മഹത്യക്കുളള കാരണങ്ങളെക്കുറിച്ച്
നാഷണല്‍ ഡേറ്റ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രേഖാമൂലം അറിയിച്ചു.
കര്‍ഷക ആത്മഹത്യ സംബന്ധിച്ചുളള കണക്കുകള്‍ പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കൈമാറിയിട്ടില്ലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അറിയിച്ചതായി കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ പറഞ്ഞു. നിരവധി പരിശോധനകള്‍ക്ക് ശേഷവും കര്‍ഷക ആത്മഹത്യകള്‍ ഒന്നുമില്ല എന്ന ഡേറ്റയാണ് കൈമാറിയത്. മറ്റു മേഖലകളില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഈ സ്ഥിതി. ഈ പരിമിതികള്‍ കാരണം കര്‍ഷക ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന നാഷണല്‍ ഡേറ്റ പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് 2019ല്‍ ദേശീയതലത്തില്‍ 10,281 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മുന്‍വര്‍ഷം ഇത് 10,357 ആണ്. മൊത്തം ആത്മഹത്യയില്‍ കര്‍ഷകരുടെ പങ്ക് 7.4 ശതമാനം വരുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates