ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്, റിട്ട. മേജര്‍ ജനറല്‍ അശോക് മെഹ്ത തുടങ്ങി ആറ് പേര്‍ ചേര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
2010-11 കാലഘട്ടത്തില്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയില്‍ അംഗമായിരുന്ന രാധാ കുമാര്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഹിന്ദാല്‍ ഹൈദാര്‍, അമിതാഭ് പാണ്ഡെ, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഗോപാല്‍ പിള്ള തുടങ്ങിയവരാണ് മറ്റു ഹര്‍ജിക്കാര്‍.
ജമ്മു കശ്മീര്‍ നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജനഹിതം നോക്കാതെയും നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയും ജനങ്ങളുടെ അഭിപ്രായം സ്വരൂപീക്കാതെയുമാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 370ാം വകുപ്പ് നല്‍കുന്ന ബലത്തില്‍ പ്രത്യേക സ്വയംഭരണ പദവി അവര്‍ക്ക് ലഭ്യമായിരുന്നു. 370ാം വകുപ്പ് എടുത്ത് കളയുന്നത് എന്നു മുതലാണെന്ന് രാഷ്ട്രപതി പൊതു വിജ്ഞാപനമിറക്കണമായിരുന്നു. കൂടാതെ 370 (മൂന്ന്) വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭയുടെ ശുപാര്‍ശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാന്‍ ആവില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates