ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ അതൃപ്തി വ്യക്തമാക്കി ഇന്ത്യ.
കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ചര്‍ച്ച വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിശ്വാസപരമായ ചടങ്ങില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയെന്നും ഇന്ത്യ വിമർശിച്ചു.
കര്‍താര്‍പൂര്‍ തീര്‍ഥാടക ഇടനാഴിക്ക് തറക്കല്ലിടുമ്പോഴാണ് ഇമ്രാന്‍ഖാന്‍ കശ്മീര്‍ വിഷയമാക്കിയ പ്രസംഗത്തിലേക്ക് കടന്നത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ഇച്ഛാശക്തിയുള്ള നേതൃത്വം ഇന്ത്യയിലും പാക്കിസ്ഥാനുമുണ്ടെങ്കില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു ഇമ്രാൻ ഖാൻ പറഞ്ഞത്. ചന്ദ്രനില്‍ മനുഷ്യനിറങ്ങാമെങ്കില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാമെന്നും ഇന്ത്യയുമായി സഹകരണത്തിനാണ് പാക്കിസ്ഥാന് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ ഗുരുദാസ് പുരിലെ ദേരാ ബാബ നാനക്കില്‍ നിന്ന് പാക്കിസ്ഥാനിലെ നരോവാളിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ തറക്കല്ലിടലിലാണ് ഇമ്രാന്‍ ഖാന്‍ സമാധാന നീക്കങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായം പറഞ്ഞത്.
വിശ്വാസപരമായ ചടങ്ങിലാണ് ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയം പ്രസംഗിച്ചെന്ന് ഇന്ത്യ തുറന്നടിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അതിന്‍ മേല്‍ ചര്‍ച്ച ആവശ്യമില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ ചര്‍ച്ചയില്ല എന്ന നിലപാട് ഇന്ത്യ മയപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates