കൊല്‍ക്കത്ത: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ പൊതുപരിപാടികള്‍ മാറ്റിവെക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചാണ് മമത അവാര്‍ഡ് വിതരണച്ചടങ്ങ് നടത്തിയത്.
മമതയുടെ നടപടിയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തീര്‍ത്തും നിരുത്തരവാദപരമായാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. പൊതുയോഗത്തിനെത്തിയ മമത കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശവും പൊതുവേദിയില്‍ വായിച്ചു. കായികമത്സരങ്ങള്‍ ഉള്‍പ്പെടെ മറ്റുപരിപാടികള്‍ സംഘടിപ്പിക്കുന്നത് വിലക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ചടങ്ങുകള്‍ പതിവായി ഉണ്ടാകത്തതുകൊണ്ടാണ് ഒത്തുകൂടിയതെന്നായിരുന്നു മമതയുടെ ന്യായീകരണം.
കൊറോണ വൈറസ് ബാധയുടെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന മമത പറഞ്ഞു. കൊറോണ വൈറസ് വലിയ പ്രശ്‌നം തന്നെയാണ് പക്ഷേ, അതില്‍ പരിഭ്രാന്തി വേണ്ട, നമുക്കതിനെ ചെറുത്തു തോല്‍പ്പിക്കാനാവുമെന്ന് മമത കൂട്ടിച്ചേര്‍ത്തു. ആര്‍ക്കെങ്കിലും അസുഖമോ ചുമയോ കഫക്കെട്ടോ അനുഭവപ്പെടുന്നെങ്കില്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ല. എല്ലാ ചുമയും കഫക്കെട്ടും തുമ്മലും കൊറോണയല്ല. അസുഖം തോന്നിയാല്‍ ഡോക്ടറെ കാണണം. വീട്ടില്‍ 14 ദിവസം വിശ്രമിക്കണം. ആര്‍ക്കും ഷെയ്ക് ഹാന്റ് നല്‍കരുത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് ബാധിക്കും. പകരം നമസ്‌തെ പറയണം. മറ്റുളളവരുമായി അകലം സൂക്ഷിക്കണമെന്ന് മമത പറഞ്ഞു.
ജനങ്ങളോട് ധാരാളം വെള്ളം കുടിക്കാനും വേവിക്കാത്ത ഭക്ഷണം ഒഴിവാക്കാനും കൈകള്‍ സോപ്പുപയോഗിച്ച് നല്ലവണ്ണം കഴുകാനും മമത ഉപദേശിച്ചു. തോന്നിയ പോലെ തുപ്പരുത്. വ്യക്തിശുചിത്വം പാലിക്കണം, കൊറോണ മൂലമുള്ള മരണസംഖ്യ 2 ശതമാനം മാത്രമാണ്. സാര്‍സില്‍ ഇതിനേക്കാള്‍ കൂടുതലായിരുന്നു മരണനിരക്ക്. അതിനെ നാം ചെറുത്തുതോല്‍പ്പിച്ചു. അതുകൊണ്ട് പരിഭ്രാന്തി വേണ്ടെന്നും അവര്‍ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates