ന്യൂഡൽഹി: രാജ്യത്തെ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന ചൈനീസ് ഓൺലൈൻ ചൂതാട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ചൂതാട്ട റാക്കറ്റിന്റെ 15 ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുനെ തുടങ്ങിയ പതിനഞ്ചോളം സ്ഥലങ്ങളിലാണ് കേന്ദ്രങ്ങൾ. റെയ്ഡിൽ 46.96 കോടി രൂപ പിടിച്ചെടുത്തു. നാല് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന 46.96 കോടി രൂപ മരവിപ്പിച്ചതായി ഇഡി അറിയിച്ചു.
നിയമവിരുദ്ധമായി ഓൺലൈൻ ചൂതാട്ട റാക്കറ്റ് നടത്തിയ സംഭവത്തിൽ ഒരു ചൈനീസ് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും ഹൈദരാബാദ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഓൺലൈൻ കമ്പനിയുടെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. വെള്ളിയാഴ്ച നടന്ന റെയ്ഡിന്റെ വിവരങ്ങളാണ് പുറത്തു വന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഓൺലൈൻ കമ്പനിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓപ്പറേഷൻസ് തലവൻ യാഹ് ഹാവോ, കമ്പനിയുടെ ഇന്ത്യൻ ഡയറക്ടർമാരായ ധീരജ് സർക്കാർ, അങ്കിത് കപൂർ, നീരജ് തുലി എന്നിവരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. എച്ച്എസ്ബിസി ബാങ്കുമായി ബന്ധിപ്പിച്ചിരുന്ന നിരവധി അക്കൗണ്ടുകളിലൂടെയാണ് പണം കൈമാറ്റം നടന്നിരുന്നതെന്ന് ഇഡി അറിയിച്ചു.
ചൈന ആസ്ഥാനമായ ‘ബെയ്ജിങ് ടി പവർ കമ്പനി’യുടെ കീഴിലുള്ള നിരവധി കമ്പനികളാണ് ഓൺലൈൻ ചൂതാട്ടം സംഘടിപ്പിച്ചത്. ഇതുവഴി 1,268 കോടി രൂപ പുറത്തു പോയെന്നാണ് വിവരം.
ലോക്ക്ഡൗൺ സമയത്താണ് കൂടുതൽ ഇടപാടുകളും നടന്നത്. ഹൈദരാബാദിൽ നിന്നുള്ള രണ്ട് പേർക്ക് ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടിരുന്നു. ഒരാൾക്ക് 1.64 ലക്ഷവും മറ്റേയാൾക്ക് 97,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പേടിഎം, ക്യാഷ്ഫ്രീ തുടങ്ങിയ പേയ്മെന്റ് ആപ്ലിക്കേഷൻ ഫ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് കൂടുതലും ഇടപാടുകൾ നടത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates