മുരളീ മനോഹര്‍ ജോഷിയും അഡ്വാനിയും/ഫയല്‍ 
India

ഗൂഢാലോചനയ്ക്കു തെളിവില്ല, ബാബറി മസ്ജിദ് കേസില്‍ അഡ്വാനിയും ജോഷിയും ഉള്‍പ്പെടെ എല്ലാവരും കുറ്റവിമുക്തര്‍

ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അഡ്വാനി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെവിട്ട് പ്രത്യേക കോടതി വിധി. ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചു.  

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബറി മസ്ജിദ്, ദീര്‍ഘനാള്‍ നീണ്ടുനിന്ന മത-രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ തകര്‍ക്കപ്പെട്ട കേസില്‍ 27 വര്‍ഷത്തിനു ശേഷമാണ് പ്രത്യേക കോടതി വിധി പറയുന്നത്. ബാബറി മസ്ജിദ് തകര്‍ത്തത് രാജ്യത്ത് ഒട്ടേറെ വര്‍ഗീയ കലാപത്തിനു വഴിവച്ചിരുന്നു.

മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അഡ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരാണ്, ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. എല്ലാ പ്രതികളും വിധി പ്രസ്താവ സമയത്ത് ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അഡ്വാനിയും ജോഷിയും കല്യാണ്‍ സിങ്ങും ഉമാഭാരതിയും എത്തിയില്ല. കല്യാണ്‍ സിങ്ങും ഉമാഭാരതിയും കോവിഡ് ചികിത്സയിലാണ്. പ്രായധിക്യവും കോവിഡ് പ്രോട്ടോക്കോളും മൂലം എത്താനാവില്ലെന്നാണ് അഡ്വാനിയും ജോഷിയും അറിയിച്ചത്. മഹന്ത് നൃത്യഗോപാല്‍ ദാസും സതീഷ് പ്രധാനും നേരിട്ടു ഹാജരായില്ല. ഇവര്‍ക്കു വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി.

വിനയ് കത്യാര്‍, സാധ്വി ഋതംബര, സാക്ഷി മഹാരാജ്, ധരംദാസ്, വേദാന്തി, ലല്ലു സിങ്, ചംപത് റായി, പവന്‍ പാണ്ഡേ തുടങ്ങി 26 പ്രതികള്‍ കോടതിയില്‍ ഹാജരായി. 

അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2003ല്‍ റായ്ബറേലിയിലെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. 2010ല്‍ അലഹാബാദ് ഹൈക്കോടതി ഈ വിധി ശരിച്ചു. ഇതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ അനുവദിച്ച സുപ്രീം കോടതി അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് 2017ല്‍ വിധിക്കുകയായിരുന്നു.

വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസിന്റെ വിധിപ്രസ്താവത്തോട് അനുബന്ധിച്ച് കോടതിയിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹം സജ്ജമാക്കിയിട്ടുണ്ട്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയില്‍ ഉടനീളം പൊലീസ് ജാഗ്രതയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT