ന്യൂഡല്‍ഹി: കലാപത്തീയില്‍ എരിഞ്ഞ ഡല്‍ഹിയില്‍ നിന്ന് മനുഷ്യത്വത്തിന്റെ നല്ല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഹിന്ദു യുവതിയുടെ വിവാഹത്തിന് മുസ്‌ലിം കുടുംബങ്ങള്‍ കാവല്‍ നിന്നത് മണിക്കൂറുകളാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ് ബാഗില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കലാപത്തില്‍ ഏറ്റവുമധികം അക്രമമുണ്ടായ മേഖലയാണ് ചാന്ദ് ബാഗ്. കലാപം മൂലം വിവാഹം മുടങ്ങിപ്പോവുമെന്ന് കരുതിയ സമയത്താണ് അയല്‍ക്കാരായ മുസ്‌ലിം സഹോദരങ്ങള്‍ സഹായത്തിനെത്തിയതെന്ന് വിവാഹം കഴിഞ്ഞ സാവിത്രി പ്രസാദ് എന്ന 23കാരി പറയുന്നു.
ചാന്ദ് ബാഗില്‍ ചൊവ്വാഴ്ച സ്ഥിതിഗതികള്‍ സുഖകരമായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ഇത്രയധികം കൈവിട്ട് പോകുമെന്ന് സാവിത്രിയുടെ കുടുംബം കരുതിയിരുന്നില്ല. വിവാഹദിനത്തില്‍ ചാന്ദ് ബാഗിലേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയായിലായിരുന്നു ബന്ധുക്കള്‍. വരനും കുടുംബത്തിനും സാവിത്രിയുടെ വീട്ടിലേക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയായതോടെ വിവാഹം നീട്ടി വയ്ക്കാന്‍ സാവിത്രി പ്രസാദിന്റെ രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ചുറ്റും കല്ലേറും അക്രമവും നടന്നപ്പോള്‍ മുസ്‌ലിം സഹോദരര്‍ തന്റെ വിവാഹത്തിന് കാവലായി എത്തിയെന്ന് സാവിത്രി പ്രസാദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
വീട്ടുകാര്‍ തളര്‍ന്നുപോയ അവസരത്തില്‍ വരനെയും കുടുംബത്തേയും കലാപാന്തരീക്ഷം വകവയ്ക്കാതെ സാവിത്രിയുടെ വീട്ടിലെത്തിക്കാനും അയല്‍ക്കാരായ മുസ്‌ലിംകള്‍ മുന്നിട്ടിറങ്ങി. ചടങ്ങുകള്‍ നടക്കുന്ന വീട്ടില്‍ നിന്ന് കുറച്ച് ദൂരം അകലെ യുദ്ധാന്തരീക്ഷമായിരുന്നുവെന്നും സാവിത്രിയുടെ പിതാവ് പ്രസാദ് ഭോപ്‌ഡെ പറയുന്നു. വീടിന് മുകളില്‍ ചെന്ന് നോക്കിയപ്പോള്‍ കണ്ടത് ചുറ്റുപാടും നിന്ന് പുക ഉയരുന്നതാണ്. ഈ അക്രമത്തിന് പിന്നിലുള്ളവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല, എന്തായാലും അത് തങ്ങളുടെ അയല്‍ക്കാരല്ലെന്ന് പ്രസാദ് ഭോപ്‌ഡെ പറയുന്നു.
കടകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. എല്ലാവരും ഭീതിയിലായിരുന്നു. എന്നാല്‍ വരനെ സാവിത്രിയുടെ വീട്ടിലേക്ക് വഴികാട്ടിയത് അയല്‍വക്കത്തുള്ളവരാണെന്ന് സാവിത്രി വ്യക്തമാക്കി. വിവാഹം മുടങ്ങുമോയെന്ന് ഭയന്ന സാവിത്രിയുടെ കുടുംബത്തിന് ആശ്വാസവാക്കുകളുമായി അയല്‍വാസികള്‍ എത്തി. സാവിത്രിയുടെ ബരാത്തിനും കാവലായി അയല്‍ക്കാരെത്തി.
മതത്തിന്റെ പേരില്‍ ആയിരുന്നില്ല കലാപം, എന്നാല്‍ അത് അങ്ങനെ വരുത്തി തീര്‍ക്കുകയായിരുന്നെന്നും പ്രസാദ് ഭോപ്‌ഡെ പറയുന്നു. ചാന്ദ് ബാഗില്‍ ഹിന്ദു മുസ്‌ലിം സമുദായത്തിലുള്ളവര്‍ ഐക്യത്തോടെയാണ് താമസിക്കുന്നതെന്നും പ്രസാദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates