ന്യൂഡല്‍ഹി : ചൈനീസ് ടെലകോം ഭീമന്മാരായ വാവേ സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഇന്ത്യന്‍ ടെലകോം അധികൃതരെ വിലക്കണമെന്ന് പ്രധാനമന്ത്രിയോട് സംഘപരിവാര്‍ സംഘടന. വാവേയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നാളെ 5 ജി കോണ്‍ഫറന്‍സ് ആരംഭിക്കാനിരിക്കെയാണ് സ്വദേശി ജഗരണ്‍ മഞ്ച് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.
ചൈനയുമായുള്ള വ്യാപാര ഉടമ്പടിയില്‍ നിന്നും പിന്മാറണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസിന്റെ സാമ്പത്തിക ഫോറമായ സ്വദേശി ജാഗരണ്‍ മഞ്ച്, ചൈനയുമായുള്ള സഹകരണത്തിന് പകരം തദ്ദേശീയമായ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ശ്രദ്ധ ചെലുത്താന്‍ നിര്‍ദേശിക്കുന്നു.
കൂടാതെ ചൈനീസ് കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തുക വഴി രാജ്യസുരക്ഷ അപകടത്തില്‍പ്പെട്ടേക്കുമെന്നും ആശങ്കപ്പെടുന്നു. രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍, ചൈനീസ് ടെലകോം കമ്പനിയായ വാവേയെ അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ, ആസ്‌ത്രേലിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും, പലവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യവും സ്വദേശി ജാഗരണ്‍ മഞ്ച് നാഷണല്‍ കണ്‍വീനര്‍ അശ്വനി മഹാജന്‍ നരേന്ദ്രമോദിക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, ചൈനീസ് ടെലകോം ഭീമന് രാജ്യത്ത് അവസരം നല്‍കുന്നത് സുരക്ഷാ ഭീഷണി മാത്രമല്ല, തദ്ദേശീയ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ കൊല്ലുന്നതിന് തുല്യമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ചൈനയുടെ മേധാവിത്വത്തിനാകും വഴിവെക്കുക. അതിനാല്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് രാജ്യം സ്വീകരിക്കേണ്ടതാണ്.
വാവേയുടെ ആതിഥ്യം സ്വീകരിച്ച് ഇന്ത്യന്‍ ടെലകോം ഉദ്യോഗസ്ഥര്‍ പോകുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യസുരക്ഷയ്ക്കും രാജ്യതാല്‍പ്പര്യത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടത്. വാവേയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സംശയത്തിന് അതീതമല്ലെന്നും, ഇക്കാര്യത്തില്‍ വിശദമായ അന്വേ,ണം നടന്നിട്ടില്ലെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കണ്‍വീനര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates