India

ജനങ്ങള്‍ മാറി, എന്നിട്ടും മാധ്യമങ്ങള്‍ മാറാത്തതെന്ത്? വിമര്‍ശനവുമായി പ്രധാനമന്ത്രി

നിഷേധാത്മകത വെടിയാനാണ് ഗീത ഉപദേശിക്കുന്നതെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ മാറിയിട്ടും മാധ്യമങ്ങള്‍ നിഷേധാത്മക സമീപനം മാറ്റാന്‍ തയാറാവുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റിലാണ് മോദി മാധ്യമങ്ങളുടെ സമീപനത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

നിഷേധാത്മകത വെടിയാനാണ് ഗീത ഉപദേശിക്കുന്നതെന്ന് മോദി പറഞ്ഞു. ഇപ്പോള്‍ ജനങ്ങളില്‍ കാണുന്ന വിശ്വാസം അലംഘനീയമാണ്. എന്നിട്ടും മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇത്രമാത്രം നിഷേധാത്മകമാവുന്നു എന്നതാണ് ചോദ്യം. നാം തന്നെ നമ്മുടെ ശക്തിയെയും നേട്ടങ്ങളെയും കുറിച്ച് സംശയിക്കുന്നതിന് എന്തിനാണ്? നമുക്കു വളരെ ഉജ്വലമായ ചരിത്രമുണ്ട്. എന്നാല്‍ ആ അഭിമാനം നാം തന്നെ നിഷേധിക്കുകയാണ്- പ്രധാനമന്ത്രി പറഞ്ഞു. 

വിദേശത്തുള്ള ഇന്ത്യക്കാര്‍ ഈ നാട്ടില്‍നിന്നാണ് വരുന്നതെന്ന് അഭിമാനത്തോടെയാണ് പറയുന്നത്. അബ്കി ബാര്‍ കാമറോണ്‍ സര്‍ക്കാര്‍, അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയം എത്രമാത്രം ആഗോളവത്കരിക്കപ്പെട്ടു എന്നതിന്റെ  തെളിവുകളാണ്. നമ്മുടെ നയതന്ത്രം ലോകത്തെ തന്നെ മാറ്റിയിരിക്കുന്നു. ഭൂട്ടാനില്‍ ഭൂകമ്പമുണ്ടായപ്പോള്‍, ശ്രീങ്കയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍, മാലിദ്വീപില്‍ ജലക്ഷാമമുണ്ടായപ്പോള്‍ ഇന്ത്യയാണ് ഓടിയെത്തിയത്. യെമനില്‍ കുഴപ്പങ്ങളുണ്ടായപ്പോള്‍ നാം 400 ഇന്ത്യക്കാരെ മാത്രമല്ല, രണ്ടായിരത്തോളം മറ്റു രാജ്യക്കാരെയും രക്ഷിച്ചു. 

മുമ്പ് നയമരവിപ്പിനെക്കുറിച്ചായിരുന്നു തലക്കെട്ടുകള്‍. ദുര്‍ബലരായ അഞ്ചില്‍ ഒരാള്‍ എന്ന നിലയ്ക്കാണ് ലോകം നമ്മളെ കണ്ടിരുന്നത്. ഇപ്പോഴത്തെ അവസ്ഥ നോക്കൂ, ചെറുതും വലുതുമായ രാജ്യങ്ങള്‍ നമ്മോട് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നു. ആത്മവിശ്വാസത്തോടെ ഒരു രാജ്യം തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ മറ്റു വിശേഷണങ്ങളെല്ലാം അപ്രസക്തമാവുകയാണെന്ന് മോദി പറഞ്ഞു.

നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അഴിമതിക്കെതിരായ നടപടികളുടെ ഭാഗമായാണ് പരിഷ്‌കരണം നടപ്പാക്കിയത്. അതിന് എന്തു വില കൊടുക്കാനും താന്‍ തയറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

നോട്ടുനിരോധനത്തിനു ശേഷം ഇന്ത്യയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായി അഴിമതിക്കാര്‍ അതിന്റെ ചൂട് അനുഭവിച്ചു തുടങ്ങി. അതിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടിവരുമെന്ന് അറിയാം. താന്‍ അതിനു തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബിനാമി സ്വത്തുക്കള്‍ക്കെതിരെയാണ് സര്‍ക്കാര്‍ അടുത്തതായി ശക്തമായ നടപടി സ്വീകരിക്കുകയെന്ന് മോദി പറഞ്ഞു. അതിനായി ആധാര്‍ ആയുധമായി ഉപയോഗിക്കും. സംശയകരമായ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. കള്ളപ്പണം ഇല്ലാതായി വരുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു.

ആധാര്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാവങ്ങളുടെ സബ്‌സിഡി അവര്‍ക്കുതന്നെ കിട്ടാന്‍ അതു കാരണമായിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരമൊന്ന് സ്വപ്‌നംകാണാന്‍ പോലുമാവുമായിരുന്നില്ലെന്ന് മോദി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT