നരേന്ദ്രമോദിയും ബിജെപിയും പാടുന്ന രാഷ്ട്രീയ പരസ്യഗാനമല്ല ദേശീയതയെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും ബെഗുസരായിയിലെ സിപിഐ സ്ഥാനാര്‍ഥിയുമായ കനയ്യ കുമാര്‍. വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുന്നതിനെയുയം തൊഴില്‍രഹിതര്‍ക്കു തൊഴില്‍ നല്‍കുന്നതിനെയും കുറിച്ചു പഠിക്കുന്നതിലാണ് യഥാര്‍ഥ ദേശീയതയുള്ളതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സപ്രസുമായുള്ള അഭിമുഖത്തില്‍ കനയ്യ കുമാര്‍ പറഞ്ഞു.
ജാതിയും മതവുമൊന്നും നോക്കാതെ എങ്ങനെ എല്ലാവരിലും സമത്വുണ്ടാക്കാം എന്ന അന്വഷണമാണ് ദേശീയതയെന്ന് കനയ്യ കുമാര്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പു നേട്ടത്തിനു വേണ്ടി തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കലും ദേശീയത തന്നെയാണ്. രാജ്യത്തെ പട്ടിണിയില്‍നിന്നും കടക്കെണിയില്‍നിന്നും അരക്ഷിതാവസ്ഥയില്‍നിന്നും അനീതിയില്‍നിന്നും വിദ്വേഷത്തില്‍നിന്നും മുക്തമാക്കുകയാണ് ദേശീയത ചെയ്യേണ്ടത്. അതു കേവലം രാഷ്ട്രീയ പരസ്യഗാനമല്ല- കനയ്യ പറഞ്ഞു.
ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തുന്ന തെരഞ്ഞെടുപ്പു വിപ്ലവമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് കനയ്യ അഭിപ്രായപ്പെട്ടു. പ്രചാരണ കോലാഹലങ്ങളെ മാത്രം അടിസ്ഥാനമാക്കി നില്‍ക്കുന്ന രാഷ്ട്രീയം തുടച്ചുമാറ്റപ്പെടും; അതിന്റെ സ്ഥാനത്ത് ജനങ്ങളെ സേവിക്കുന്ന, അവരെ ദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കുന്ന രാഷ്ട്രീയം വേരുപിടിക്കും. 2019ലെ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കും. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇല്ലാതാവുകയും താഴെത്തട്ടിലുള്ളവരുടെ ശബ്ദം കേള്‍പ്പിക്കുന്ന രാഷ്ട്രീയം ഉയര്‍ന്നുവരികയും ചെയ്യും. ഇതുവരെ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ജനങ്ങള്‍ ഉണര്‍ന്നുകഴിഞ്ഞു, നീതി പുലരും വരെ ഇനിയവരെ തടയാനാവില്ല.
ദേശീയതാ വികാരം ഉണര്‍ത്തിയതുകൊണ്ടുമാത്രം ലോകത്ത് ആരും, ഒരു രാഷ്ട്രീയ പാര്‍ട്ടിയും വിജയിച്ചിട്ടില്ല. ദേശീയത ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സത്തയാണ്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി അതിനെ ഉപയോഗിക്കാനുള്ള ശ്രമം വിജയിക്കില്ല. ജനങ്ങള്‍ക്കു തൊഴില്‍ വേണം, കര്‍ഷക ദുരിതങ്ങളില്‍നിന്നുള്ള മോചനം വേണം. ഇതൊന്നും ചര്‍ച്ച ചെയ്യാതിരിക്കാനാണ് ബിജെപി ദേശീയതയെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊരു വഴിതെറ്റിക്കുന്ന നാടകമാണ്. ബിജെപിയുടെ ഈ തന്ത്രം നടക്കില്ല. പാവപ്പെട്ടവരെ അഭിലാഷങ്ങളെ ദേശീയതയെക്കുറിച്ചു പറഞ്ഞു തടഞ്ഞുനിര്‍ത്താനാവില്ല.
ഭരണഘടനയ്ക്കും പാവപ്പെട്ടവരുടെ മൗലികാവകാശങ്ങള്‍ക്കുമായി നിലകൊള്ളാം എന്നാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനമെന്ന് കനയ്യ കുമാര്‍ പറഞ്ഞു. നിങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍പ്പിക്കും എന്നാണ് ബെഗുസരായിയിലെ ജനങ്ങള്‍ക്കു നല്‍കുന്ന വാക്ക്. താന്‍ ഒരിക്കലും വിദ്വേഷ രാഷ്ട്രീയത്തിന്റെ ആളാവില്ലെന്ന ഉറപ്പും മുന്നോട്ടുവയ്ക്കുന്നതായി കനയ്യ കുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates