ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്ക്കും മറ്റ് മൂന്നു പേര്‍ക്കുമെതിരേ അഴിമതിക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട 44 കോടി രൂപയുടെ ക്രമക്കേട് ആരോപണത്തിലാണ് നടപടി. 2001-2011 കാലത്ത് ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായി ബി.സി.സി.ഐ 112 കോടി രൂപ ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനു നല്‍കിയിരുന്നു. ഇതില്‍ 43.69 കോടി രൂപ അന്നത്തെ അസോസിയേഷൻ അധ്യക്ഷനായിരുന്ന ഫാറൂഖ് അബ്ദുള്ളയും കൂട്ടുപ്രതികളും വഴിമാറ്റിയെന്നാണു കേസ്. 2012-ലാണ് അഴിമതി പുറത്തുവന്നത്. ഗൂഢാലോചനയും കൃത്യനിര്‍വഹണ വീഴ്ചയും അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. അഴിമതി ആരോപണം ഉയർന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്.
ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സലീം ഖാന്‍, ട്രഷറര്‍ മുഹമ്മദ് അഹ്‌സന്‍ മിര്‍സ, ജമ്മു കാശ്മീര്‍ ബാങ്ക് ഉദ്യോഗസ്ഥനായ ബഷിര്‍ അഹമദ് മന്‍സിര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. അതേസമയം തന്റെ പിതാവ് നിരപരാധിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് അദ്ദേഹം കുറ്റ വിമുക്തനാകുമെന്നും ഫാറൂഖിന്റെ മകനും നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഉപാധ്യക്ഷനുമായ ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചു. സത്യം തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന് പാര്‍ട്ടി സര്‍വ പിന്തുണയും നല്‍കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates