India

ഡല്‍ഹിയില്‍ സ്‌ഫോടനാത്മകമായ അന്തരീക്ഷം; മരണസംഖ്യ 13 ആയി, ക്രമസമാധാനത്തിന് സ്‌പെഷ്യല്‍ കമ്മീഷണര്‍

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലില്‍ ഡല്‍ഹി അശാന്തം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലില്‍ ഡല്‍ഹി അശാന്തം. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. മരണസംഖ്യ 13 ആയി ഉയര്‍ന്നതായി ജിടിബി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.അതേസമയം സംഘര്‍ഷം ഡല്‍ഹിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ 150 പേരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മെഡിക്കല്‍ സൂപ്രണ്ട്  സുനില്‍കുമാര്‍ പറഞ്ഞു. ഇതില്‍ 70പേരുടെ പരിക്ക് വെടിയേറ്റതിനെ തുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാനുളള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്‌പെഷ്യല്‍ കമ്മീഷണറെ നിയമിച്ചു. എസ് എന്‍ ശ്രീവാസ്തവയാണ് സ്‌പെഷ്യല്‍ കമ്മീഷണറായി ചുമതലയേറ്റത്.

ജാഫ്രാബാദ്, ഗോകുല്‍പുരി, ഭജന്‍പുര എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്. ആയുധങ്ങളുമേന്തി അക്രമികള്‍ തെരുവുകള്‍ കയ്യേറിയപ്പോള്‍, പലയിടത്തും പൊലീസ് സന്നാഹമില്ല. കര്‍ദംപുരിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെയ്പ്പുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍  നാലിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേയ്ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.അഞ്ചു മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.  6000ത്തില്‍പ്പരം പൊലീസുകാരെയും അര്‍ധ സൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ചാന്ദ് ബാഗില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

കബീര്‍ നഗര്‍, മൗജ്പൂര്‍, ബ്രഹ്മപുരി എന്നിവിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക ആക്രമണമാണ് നടന്നത്. ക്യാമറകള്‍ തല്ലി തകര്‍ക്കുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അക്രമം ഭയന്ന് പല പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ വീടൊഴിഞ്ഞ് പോവുകയാണ്. സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തി.

കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ സേനയെ രംഗത്തിറക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. നേരത്തെ, ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിയെന്ന് കെജരിവാള്‍ പറഞ്ഞിരുന്നു. അക്രമങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ കെജരിവാള്‍ സന്ദര്‍ശിച്ചു.

ദീര്‍ഘവീക്ഷണവും പ്രതികരണശേഷിയില്ലാത്തതുമായ നേതാക്കന്മാരെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങള്‍ ഇപ്പോളനുഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. പൗരത്വ നിയമഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയാണെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള ഏക പോംവഴി സൈന്യത്തെ രംഗത്തിറക്കുകയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT