India

തലസ്ഥാനത്തെ സ്ഥിതി അപകടകരം; ദേശീയ പൗരത്വ പട്ടിക ഡല്‍ഹിയിലും നടപ്പാക്കണമെന്ന് ബിജെപി അധ്യക്ഷന്‍

അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടിക പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹിയിലും ഇത് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി രംഗത്ത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടിക പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹിയിലും ഇത് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി രംഗത്ത്. തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്നും നിമയമവിരുദ്ധമായ കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസം പരത്വ രജിസ്‌ട്രേഷന്‍ പോലുള്ള സംവിധാനം ഡല്‍ഹിയിലും നടപ്പാക്കണം എന്നുമാണ് തിവാരിയുടെ ആവശ്യം. 

'അനധികൃതമായി കുടിയേറി ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ വളരെ അപകടകാരികളാണ്. സമയമാകുമ്പോള്‍ ഇവിടെയും എന്‍ആര്‍സി നടപ്പാക്കും'- മനോജ് തിവാരി പറഞ്ഞു. 

മെയിലും സമാനമായ ആവശ്യം തിവാരി ഉന്നയിച്ചിരുന്നു. അനധികൃതമായി കുടിയേറിയ റോഹിങ്ക്യകളുടെ അക്രമണ ഭീഷണയില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അന്ന് തിവാരി പറഞ്ഞിരുന്നത്. 

തിവാരിയുടെ പ്രതികരണത്തിന് എതിരെ മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തി. 'ബിഹാറിലെ കൈമൂറില്‍ ജനിച്ച്, യുപിയിലെ വാരണാസിയില്‍ പഠിച്ച്, മഹാരാഷ്ട്രയിലെ മുംബൈയില്‍ ജോലി ചെയ്ത്,യുപിയിലെ ഗൊരഖ്പൂരില്‍ മത്സരിച്ച്, വീണ്ടും ഡല്‍ഹിയില്‍ മത്സരിച്ച മനോജ് തിവാരിയാണ് കുടിയേറ്റക്കാരെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്'- മഹിളാ കോണ്‍ഗ്രസ് ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തു. 

മൂന്നുകോടി,പതിനൊന്ന് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി നാലുപേരാണ് അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.  19 ലക്ഷത്തി ആറായിരത്തി അറുന്നൂറ്റി അമ്പത്തി ഏഴ് (19,06,657) പേരാണ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാനായി 120 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇവരുടെ പരാതിയിന്മേല്‍ ആറുമാസത്തിനകം തീരുമാനമെടുക്കണം. ഇതിനായി അസമില്‍ 100 ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ തുറന്നിട്ടുണ്ട്. സെപ്തംബര്‍ രണ്ടിന് 200 ട്രിബ്യൂണല്‍ കൂടി തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സെപ്തംബര്‍ അവസാന വാരത്തോടെ, 200 ട്രിബ്യൂണല്‍ കൂടി തുറക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതോടെ ആകെ 500 ട്രിബ്യൂണല്‍ ആരംഭിച്ച് 19 ലക്ഷംപേരുടെയും അപേക്ഷയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. ഈ റിപ്പോര്‍ട്ട് കൂടി സുപ്രിംകോടതിക്ക് കൈമാറും. സുപ്രിംകോടതി പട്ടിക വിലയിരുത്തിയശേഷം ദേശീയ പൗരത്വ രജിസ്ട്രാര്‍ക്ക് കൈമാറുന്നതോടെയാണ് പട്ടികയില്‍ നിന്നും പുറത്തായവര്‍ ഇന്ത്യന്‍ പൗരന്മാര്‍ അല്ലാതാകുക.

ഇപ്പോല്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ 10 മാസത്തെ സാവകാശമാണ് ലഭിക്കുക. നേരത്തെ കഴിഞ്ഞ ജൂലൈയില്‍ എന്‍ആര്‍സി ഡയറക്ടര്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ 41 ലക്ഷം പേരാണ് പുറത്തായിരുന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT