ന്യൂഡല്‍ഹി: നാടിനെ നടുക്കിയ ഡല്‍ഹി കൂട്ട മരണത്തില്‍ മനശാസ്ത്ര പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സിബിഐയെ സമീപിച്ചു. മരണത്തിന് പിന്നിലെ മനശാസ്ത്രം തിരിച്ചറിയുന്നതിന് വേണ്ടിയാണ് സിബിഐയുടെ കീഴിലുളള സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയെ ഡല്‍ഹി ക്രൈംബ്രാഞ്ച് സമീപിച്ചത്.
നാടിനെ നടുക്കിയ കൂട്ട ആത്മഹത്യയില്‍ ഡല്‍ഹിയിലെ ഒരു കുടുംബത്തിലെ 11 പേരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നിരവധി ഊഹാപോഹങ്ങള്‍ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. മോക്ഷ പ്രാപ്തി,പുനര്‍ ജന്മം തുടങ്ങിയവയില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇത്തരത്തില്‍ സമൂഹത്തില്‍ വിവിധ തരത്തിലുളള ഊഹാപോഹങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ശാസ്ത്രീയ നിഗമനത്തില്‍ എത്താന്‍ ക്രൈംബ്രാഞ്ച് മനശാസ്ത്ര് പോസ്റ്റ്‌മോര്‍ട്ടം എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നത്.
മരിച്ചവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനാണ് മനശാസ്ത്ര പോസ്റ്റമോര്‍ട്ടം നടത്തണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവെച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും, സുഹൃത്തുക്കള്‍,കുടുംബാംഗങ്ങള്‍ എന്നിവരുമായുളള അഭിമുഖം തുടങ്ങിയ വഴികളിലുടെ മരിച്ചവരുടെ മാനസികാവസ്ഥ തിരിച്ചറിയാന്‍ കഴിയുമെന്ന് ക്രൈംബ്രാഞ്ച് കണക്കുകൂട്ടുന്നു. ഇതിന് ഗവേഷണത്തിലൂന്നിയ പഠനം അനിവാര്യമാണ്. മരിക്കുന്നതിന് മുന്‍പുളള ഇവരുടെ മാനസികാവസ്ഥ കണ്ടെത്തേണ്ടത് കേസിന്റെ മുന്നോട്ടുളള പോക്കിനും പ്രയോജനം ചെയ്യും.ഇതിന്റെ നിഗമനങ്ങള്‍ ഭാവിയിലും വിവിധ കേസുകളുടെ അന്വേഷണത്തിന് ഗുണം ചെയ്യുമെന്ന്് ക്രൈംബ്രാഞ്ച് കണക്കുകൂട്ടുന്നു
നിലവില്‍ 11 പേരുടെ മരണവുമായി ബന്ധപ്പെട്ട് 200പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. 11 ഡയറികളും, കൈയ്യെഴുത്ത്് പ്രതികളും വീട്ടില്‍ നിന്നും കണ്ടെത്തി. മരിക്കണമെന്ന് കരുതിയല്ല ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുറിപ്പുകളില്‍ നിന്നും വ്യാഖ്യാനിച്ചെടുക്കാന്‍ കഴിയുന്നത്. പുനര്‍ജന്മത്തില്‍ ജീവിത പുരോഗതി ലക്ഷ്യമിട്ടാണ് ഈ കൃത്യത്തിലേയ്ക്ക് ഇവരെ നയിച്ചതെന്നും കുറിപ്പുകളിലെ വരികള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates