ന്യൂഡല്‍ഹി : കോവിഡ് കണ്ടെത്തുന്നതിന് ദ്രുതപരിശോധന മാത്രം നടത്തിയാല്‍ പോരെന്ന് കേന്ദ്രസര്‍ക്കാര്‍. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍ നിബന്ധന കര്‍ശനമാക്കിയത്.
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയത്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കാണിച്ചാലും പിസിആര്‍ ടെസ്റ്റ് അടക്കമുള്ളവ നടത്തി സ്ഥിരീകരിക്കണമെന്നാണ് നിര്‍ദേശം.
ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാന്‍ രണ്ടാമതും ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. മാത്രമല്ല, നേരത്തെ രോഗികളെ കണ്ടെത്തുന്നതിനും ഐസൊലേറ്റ് ചെയ്യുന്നതിനും ഇത് ഉപകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തിന് അടുത്ത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95,735 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. 1172 പേര്‍ക്ക് ഇന്നലെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates