ന്യൂഡല്‍ഹി : തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം വന്‍ ഗൂഢാലോചനയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. സുപ്രിംകോടതിയില്‍ രാവിലെ വിളിച്ചു ചേര്‍ത്ത അടിയന്തര സിറ്റിംഗിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണം നിഷേധിക്കുന്നത് തന്നെ തരംതാഴലാണ്. അങ്ങനെ നിഷേധിച്ച് തരംതാഴാനും താനില്ലെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
തനിക്കെതിരായ ആരോപണം അവിശ്വസനീയമാണ്. എല്ലാവരോടും മാന്യമായി മാത്രമാണ് താന്‍ പെരുമാറിയിട്ടുള്ളത്. തന്റെ വിശ്വാസ്യത ഇടിച്ചുകാണിക്കുന്നതിന് വേണ്ടിയാണ് ഈ ആരോപണം. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. പണം നല്‍കി സ്വാധീനിക്കാന്‍ കഴിയില്ല എന്നതിനാലാണ് മറ്റു മാര്‍ഗങ്ങള്‍ ഇത്തരക്കാര്‍ സ്വീകരിക്കുന്നത്. ഒരു ജൂനിയര്‍ അസിസ്റ്റന്റ് വിചാരിച്ചാല്‍ ഇത്ര വലിയ ഗൂഢാലോചന നടക്കില്ലെന്നും ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു.
ചീഫ് ജസ്റ്റിസിനെയോ ഓഫിസിനെയോ നിര്‍ജീവമാക്കാനുള്ള ഗൂഢപദ്ധതിയാണ് ഇതിന് പിന്നില്‍. അടുത്ത ദിവസങ്ങളില്‍ സുപ്രധാന ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് തനിക്കെതിരെ ഇത്തരം ഒരു ആരോപണം ഉയര്‍ന്നത്. ഈ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കുക ആകാം ഇവരുടെ ലക്ഷ്യം. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് കോടതി വഴങ്ങില്ല. പക്ഷപാതമില്ലാതെ നിര്‍ഭയം മുന്നോട്ടുപോകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒന്നരമാസം മാത്രമാണ് സ്ത്രീ കോടതിയില്‍ ജോലി ചെയ്തിരുന്നത്. പരാതിക്കാരിയായ സ്ത്രീയുടെ അനുചിതമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടിരുന്നു. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രണ്ടു കേസുകളില്‍ പ്രതിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പദവിയുടെ മഹത്വം മാത്രമാണ് ഒരു ജഡ്ജിയുടെ സമ്പാദ്യം. ഇതിനെതിരെയാണ് ആക്രമണം. സമീപകാലത്ത് ജുഡീഷ്യറി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇങ്ങനെയാണെങ്കില്‍ ജഡ്ജിയാകാന്‍ ആര് മുന്നോട്ടുവരുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
20 വര്‍ഷം ജോലി ചെയ്ത ഒരു ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന് കിട്ടിയ പ്രതിഫലമാണിത്. തന്റെ ആകെ ബാങ്ക് ബാലന്‍സ് 6.8 ലക്ഷം മാത്രമാണെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടാവസ്ഥയിലാണ്. എന്തായാലും ഈ വിഷയത്തില്‍ താന്‍ ഒരു ജുഡീഷ്യല്‍ ഓര്‍ഡറും നല്‍കില്ല. കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ബ്ലാക്ക് മെയ്‌ലിങ്ങാണെന്ന് വിഷയം കോടതിയില്‍ ചൂണ്ടിക്കാട്ടിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ആരോപണം ഉന്നയിച്ച യുവതി ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി, ഇത്തരത്തില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ക്ക് എങ്ങനെ കോടതിയില്‍ ജോലി കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചതിന് തനിക്കെതിരെയും ആരോപണം ഉണ്ടായതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. ആരോപണത്തില്‍ ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് ബാര്‍ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ പേര് പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ കോടതി ഒരു ജുഡീഷ്യല്‍ ഉത്തരവും നല്‍കുന്നില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവാദിത്വ ബോധത്തോടെ മാധ്യമങ്ങള്‍ തീരുമാനം എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ സുപ്രിംകോടതി മുന്‍ ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തുവന്നത്. ചീഫ് ജസ്റ്റിസിന്‍രെ വസതിയില്‍ വെച്ച് അദ്ദേഹം ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിലെ 22 ജഡ്ജിമാര്‍ക്ക് ഇന്നലെ പരാതി നല്‍കി.
ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന 35 കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്‍രെ വസതിയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates