India

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റണം ; കൂടുതല്‍ മുഖ്യമന്ത്രിമാര്‍ രംഗത്ത് ; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്, എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. 

പ്രവേശന പരീക്ഷ ഇപ്പോള്‍ നടത്തുന്നത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നതാകുമെന്ന് മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, നവീന്‍ പട്‌നായിക്, ഉദ്ധവ് താക്കറെ എന്നിവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കുന്നതാകും ഉചിതമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. 

പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയവരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയവും ഉദ്യോഗസ്ഥ തലത്തിലുമുള്ള തീരുമാനം കുട്ടികളുടെ ജീവന്‍ പന്താടുന്നതിന് തുല്യമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാലിന് അയച്ച കത്തില്‍ അഭിപ്രായപ്പെട്ടു. 

കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കുന്നതാണ് പ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനമെന്നും, വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും മഹാരാഷ്ട്ര മന്ത്രി ടൂറിസം മന്ത്രി ആദിത്യ താക്കറെ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധ രൂക്ഷമായതോടെ പലയിടത്തും കണ്ടെയ്ന്‍മെന്റ് സോണുകളാണെന്നും പൊതുഗതാഗതം അനുവദിക്കാത്തതും ആദിത്യതാക്കറെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പ്രവേശന പരീക്ഷ മാറ്റിവെക്കാനുള്ള ആവശ്യത്തെ പിന്തുണച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും റൈറ്റ് ലിവ്‌ലിഹുഡ് അവാര്‍ഡ് ജേതാവുമായ ഗ്രേറ്റ തുന്‍ബര്‍ഗും രംഗത്തെത്തി. കോവിഡ് മഹാമാരിയും പ്രളയവും കനത്ത നാശം വിതച്ച സന്ദര്‍ഭത്തില്‍ പ്രവേശന പരീക്ഷ നടത്തുന്നത് തീര്‍ത്തും അനുചിതമാണെന്ന് ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു. 

നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പരീക്ഷ മാറ്റിവെക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഏതാനും വിദ്യാര്‍ത്ഥികള്‍ നേരത്തെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നിരസിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മറ്റുള്ളവർക്ക് ഒരു ദിവസം 24 മണിക്കൂർ ആണെങ്കിൽ എനിക്ക് അത് 48 മണിക്കൂർ ആണ്', ഐശ്വര്യ റായ്‌യുടെ ബ്യൂട്ടി സീക്രട്ട്

ഓട്സ് ദിവസവും കഴിക്കാമോ? ​

'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

SCROLL FOR NEXT