India

നോട്ടുകളുടെ വലിപ്പം കുറച്ചത് പഴ്സില്‍ സൂക്ഷിക്കാനെന്ന് ആര്‍ബിഐ; വസ്ത്ര ഡിസൈനര്‍മാര്‍ നോട്ടിന്റെ ആകൃതി തീരുമാനിക്കുമോയെന്ന് ചീഫ് ജസ്റ്റിസ്

കറന്‍സി നോട്ടുകളുടെ വലിപ്പം കുറച്ചത് പഴ്‌സുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യം കണക്കിലെടുത്താണെന്ന് റിസര്‍വ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കറന്‍സി നോട്ടുകളുടെ വലിപ്പം കുറച്ചത് പഴ്‌സുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യം കണക്കിലെടുത്താണെന്ന് റിസര്‍വ് ബാങ്ക്. പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന്‍ നേരിടുന്ന ബുദ്ധിമുട്ട് വിശദമാക്കി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് (NAB) സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. 

കാഴ്ചവൈകല്യമുള്ളവര്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍ നോട്ടുകളും നാണയങ്ങളും പുറത്തിറക്കാനുള്ള നിര്‍ദേശങ്ങള്‍ കോടതി നല്‍കണമെന്നും പൊതു താല്‍പര്യ ഹര്‍ജിയിലുണ്ട്. ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഡോളര്‍ അടക്കമുള്ള അന്താരാഷ്ട്ര കറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന നോട്ടുകളേക്കാള്‍ വലിപ്പം കുറവാണെന്നും റിസര്‍വ് ബാങ്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ആര്‍ ധോന്ദ് കോടതിയെ അറിയിച്ചു. 

നോട്ടുകളുടെ വലിപ്പക്കൂടുതല്‍ ഉപയോക്താക്കള്‍ക്കുണ്ടാക്കുന്ന പ്രയാസം തിരിച്ചറിയാന്‍ റിസര്‍വ് ബാങ്കിന് ഇത്രയും കാലം വേണ്ടിവന്നോയെന്ന് ചീഫ് ജസ്റ്റിസ് സരസമായി ചോദിച്ചു. ഇപ്പോള്‍ നോട്ടുകള്‍ പഴ്‌സില്‍ വെക്കാവുന്ന തരത്തിലുള്ളതായി. ഇനി പഴ്‌സ് വെക്കാവുന്നതരത്തില്‍ പോക്കറ്റുണ്ടാക്കും. അങ്ങനെ വസ്ത്രത്തിന്റെ ഡിസൈനര്‍ തീരുമാനിക്കുന്ന പോലെയാവും നോട്ടുകളുടെ ആകൃതി. ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

പഴ്‌സില്‍ വെക്കാവുന്ന തരത്തിലുള്ളതാവുമ്പോള്‍ നോട്ടുകള്‍ കീറുന്നതും മുഷിയുന്നതും ഒഴിവാക്കാമെന്നും വലിപ്പം കുറച്ചുള്ള നോട്ടുനിര്‍മാണം ഉത്പാദനചെലവ് കുറയ്ക്കുമെന്നും ആര്‍ബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറഞ്ഞു. കാഴ്ചവൈകല്യമുള്ളവര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് പുതിയ നോട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും വി ആര്‍ ധോന്ദ് കോടതിയെ അറിയിച്ചു. 

കാഴ്ചവൈകല്യമുള്ളവര്‍ക്ക് സഹായമാവുന്ന നോട്ടുകളിലെ ചില പ്രത്യേകതകള്‍ ചെറിയ മൂല്യമുള്ളവയില്‍, വിനിമയം കൂടുതലായതിനാല്‍ വേഗം നഷ്ടമാവുന്നുവെന്നും അതിനാല്‍ ചെറിയമൂല്യമുള്ള നോട്ടുകളുടെ നിര്‍മാണം കുറയ്ക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നുണ്ടെന്നും ധോന്ദ് പറഞ്ഞു. കാഴ്ചവൈകല്യമുള്ളവര്‍ക്കായി ആര്‍ബിഐ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നുണ്ടെന്നും അത് നവംബറോടെ ലഭ്യമാകുമെന്നും ധോന്ദ് തോടതിയെ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT